കണ്ണൂർ: പിഎസ്സി നിയമനങ്ങൾ സുതാര്യവും അഴിമതി രഹിതവുമായതിനാൽ പോലീസ് സേനയിലേക്കുള്ള നിയമനത്തിന് നിലവിലെ രീതി തുടരുന്നതാണ് അഭികാമ്യമെന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പോലീസ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
പോലീസ് സേനയിലേക്കാണ് പിഎസ്സി കൂടുതൽ ഉദ്യേഗാർഥികളെ നിയമിക്കുന്നതെന്ന കാര്യം പരിഗണിച്ച് സീനിയർ റാങ്കിലുള്ള രണ്ടു പോലീസ് ഉദ്യോഗസ്ഥരെ 21 അംഗ പിഎസ്സിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചില്ല. യോഗ്യരായ ഉദ്യോഗാർഥികളാണ് നിലവിൽ നിയമനം നേടുന്നത്.
പൂർണമായും പിഎസ്സി മാനദണ്ഡങ്ങൾ പാലിച്ചാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.
നിയമനവുമായി ബന്ധപ്പെട്ട് അപാകതയോ ക്രമക്കേടോ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാർക്കെതിരേ നിയമനടപടികൾ സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് മുഖേനയും അന്വേഷണം നടത്തും. പരാതിയുണ്ടെങ്കിൽ പിഎസ്സി വിജിലൻസിന് സമർപ്പിക്കാവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മനുഷ്യാവകാശ കമ്മീഷൻ
സിറ്റിംഗ് ഇന്ന്
കണ്ണൂർ : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഇന്നു രാവിലെ 10.30 ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.