ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റിന്റെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ വിസമ്മതിച്ച് കുടുംബം. അങ്കിത ഭണാഡാരി ജോലി ചെയ്തിരുന്ന, ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള വനതാര റിസോര്‍ട്ട് പൊളിച്ചതിനെതിരേയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ബിജെപി നേതാവിന്റെ മകന്‍ മുഖ്യപ്രതിയായ കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ് റിസോര്‍ട്ട് പൊളിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടുനിന്നതെന്ന് കുടുംബം ആരോപിക്കുന്നു. വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
അങ്കിത ശ്വാസം മുട്ടി മരിച്ചതാണെന്നും മുഖത്ത് മര്‍ദനമേറ്റ പരിക്കുകള്‍ ഉണ്ടെന്നുമാണ് ആദ്യം നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയത്.
റിസോര്‍ട്ട് പൊളിച്ചതിനെതിരേ പ്രതിപക്ഷപാര്‍ട്ടിയിലെ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. യുവതിയുടേത് ആസൂത്രിതകൊലപാതകമാണെന്നും തെളിവ് നശിപ്പിക്കാനായാണ് റിസോര്‍ട്ട് പൊളിച്ചതെന്നും ജനങ്ങള്‍ക്ക് സംശയമുള്ളതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായി ഹരീഷ് റാവത്ത് പ്രതികരിച്ചു. അന്വേഷണം പോലീസ് വൈകിപ്പിക്കുകയാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായതായും അദ്ദേഹം ആരോപിച്ചു.വനതാര റിസോര്‍ട്ടിലെ റിസപഷ്‌നിസ്റ്റായ അങ്കിതയെ കാണാനില്ലെന്നായിരുന്നു ആദ്യമുണ്ടായ പരാതി. പിന്നീട് യുവതിയുടെ മൃതദേഹം റിസോര്‍ട്ടിന് സമീപത്തെ കനാലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
റിസോര്‍ട്ട് ഉടമയായ പുല്‍കിത് ആര്യയും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് ഭാഷ്യം. മൂന്നുപേരെ പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അങ്കിതയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. വേശ്യാവൃത്തിക്ക് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അങ്കിതയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.
ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനാണ് പുല്‍കിത് ആര്യ. സംഭവത്തിന് പിന്നാലെ വിനോദ് ആര്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. റിസോര്‍ട്ട് ഉടമയായ പുല്‍കിത് ആര്യയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു വനതാര റിസോര്‍ട്ട് പൊളിച്ചത്.