26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കോവിഡുകാലത്ത് സുരക്ഷിതയാത്ര ; സിയാലിന്‌ ആഗോളപുരസ്‌കാരം
Kerala

കോവിഡുകാലത്ത് സുരക്ഷിതയാത്ര ; സിയാലിന്‌ ആഗോളപുരസ്‌കാരം

എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) ഏർപ്പെടുത്തിയ എയർപോർട്ട്‌ സർവീസ് ക്വാളിറ്റി (എഎസ്‌ക്യു) അവാർഡ്‌ നേടി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ). കോവിഡ് കാലത്ത് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷിതയാത്ര ഉറപ്പാക്കാൻ നടപ്പാക്കിയ “മിഷൻ സേഫ്ഗാർഡിങ്’ എന്ന പദ്ധതിയാണ് അവാർഡിന്‌ അർഹമാക്കിയത്‌. 2021–-22ലാണ്‌ പദ്ധതി നടപ്പാക്കിയത്‌. ആഗോള വ്യോമയാനമേഖലയിൽ വിമാനത്താവളകമ്പനികൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് എഎസ്‌ക്യു അവാർഡ്. വർഷംതോറും 50ലക്ഷം മുതൽ ഒന്നരക്കോടിവരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന പട്ടികയിലാണ് സിയാൽ ഉൾപ്പെട്ടത്.

പോളണ്ടിലെ ക്രാക്കോവിൽ നടന്ന ഗ്ലോബൽ സമ്മിറ്റ് 2022ൽ കമ്പനി ചെയർമാനായ മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടർബോർഡിനുംവേണ്ടി സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ്, എസിഐ വേൾഡ് ഡയറക്ടർ ജനറൽ ലൂയിസ് ഫിലിപ്പ് ഡി ഒലിവേരയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി.

യാത്രക്കാരിൽ നടത്തിയ എഎസ്‌ക്യു ഗ്ലോബൽ എയർപോർട്ട് സർവേ വഴിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഇത്തവണ വിമാനത്താവളങ്ങളിൽ ശുചിത്വം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും പുരസ്‌കാരനിർണയത്തിന്‌ പരിഗണിച്ചിരുന്നു. “മിഷൻ സേഫ്ഗാർഡിങ്’ പദ്ധതി നടപ്പാക്കിയതോടെ മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 92.66 ശതമാനം വളർച്ചയും സർവീസുകളുടെ എണ്ണത്തിൽ 60.06 ശതമാനം വളർച്ചയും സിയാലിനുണ്ടായി. രാജ്യാന്തര ട്രാഫിക്കിൽ രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനവും സിയാൽ നേടി. എയർപോർട്ട് ഡയറക്ടർ സി ദിനേശ് കുമാർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ സജി കെ ജോർജ്, ജനറൽ മാനേജർമാരായ ടി ഐ ബിനി, ജോസഫ് പീറ്റർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related posts

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് , ശാസ്‌ത്രമേള തിരുവനന്തപുരത്ത് , കായിക മേള കുന്നംകുളത്ത്

Aswathi Kottiyoor

75 സ്‌കൂൾ കെട്ടിടങ്ങൾ 30നു നാടിനു സമർപ്പിക്കും

Aswathi Kottiyoor

അതിരുവിട്ട്‌ പണപ്പെരുപ്പം ; ജീവിതച്ചെലവ്‌ കുതിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox