കണ്ണൂർ: കേരളത്തിന്റെ ഉത്പാദനോന്മുഖവും വികസനോന്മുഖവുമായ മുന്നേറ്റത്തിൽ തൊഴിൽ സഭ വലിയ പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി കൺവൻഷൻ സെന്ററിൽ തൊഴിൽസഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുകയെന്ന സർക്കാരിന്റെ നിലപാടിന്റെ തുടർച്ചയാണ് തൊഴിൽ സഭ. തൊഴിൽ നൽകുന്നതിനുള്ള ഏറ്റവും പ്രധാന പദ്ധതിക്കാണ് തുടക്കമാകുന്നത്. പുതിയ ഒരു കേരള മാതൃകയാണ് തൊഴിൽ സഭ മുന്നോട്ടുവയ്ക്കുന്നത്.
തൊഴിൽ ലഭ്യമാക്കുക എന്ന ഉത്തരവാദിത്തത്തിൽനിന്ന് സർക്കാരുകൾ പിന്മാറണമെന്ന കാഴ്ചപ്പാട് രാജ്യത്ത് ശക്തമാകുന്ന സാഹചര്യമാണ്. എന്നാൽ, കേരളത്തിന്റേത് ബദൽ ഇടപെടലാണ്. തൊഴിൽ അന്വേഷകരേയും സംരംഭകരേയും ഒന്നിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ഡിജിറ്റൽ വ്യവസായ രംഗത്തുണ്ടായ മാറ്റങ്ങൾ പ്രയോജനപ്പെടുത്തി 20 ലക്ഷം അഭ്യസ്തവിദ്യർക്ക് ഡിജിറ്റൽ മേഖലയിൽ തൊഴിൽ ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വർക്ക് നിയർ ഹോം വർക്ക് സ്റ്റേഷനുകൾ ഒരുക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകിക്കഴിഞ്ഞു-മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. വി. ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, തദ്ദേശസ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ്, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, സംസ്ഥാന ആസൂത്രണ ബോർഡംഗം ജിജു പി. അലക്സ്, നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ഐകെഎം എക്സിക്യുട്ടീവ് ഡയറക്ടർ സന്തോഷ് ബാബു, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ, എ. ദീപ്തി, വി.കെ. സുമേഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.