25.8 C
Iritty, IN
June 2, 2024
  • Home
  • Kerala
  • കൃഷിയിറക്കാൻ വൈകി ആറളം ഫാമിലെ മഞ്ഞൾ കൃഷി പരാജയത്തിലേക്ക്
Kerala

കൃഷിയിറക്കാൻ വൈകി ആറളം ഫാമിലെ മഞ്ഞൾ കൃഷി പരാജയത്തിലേക്ക്

ഇരിട്ടി: സമയക്രമം തെറ്റിച്ച് വിത്തിട്ടതും ഇതോടൊപ്പം എത്തിയ കനത്ത മഴയും മൂലം ആറളം ഫാമിൽ ഇത്തവണ നടത്തിയ മഞ്ഞൾകൃഷിയിൽ ഒരു ഭാഗം പാടേ നശിച്ചു. ഇതോടെ പ്രതിസന്ധി മൂലം നട്ടം തിരിയുന്ന ആറളം ഫാമിന് മഞ്ഞൾകൃഷിയും വലിയ ഇരുട്ടിയായി മാറിയിരിക്കയാണ് . കാലം തെറ്റി വിത്തിട്ടതാണ് പത്തിലൊന്ന് പോലും മുളക്കാതെ കൃഷി പൂർണ്ണമായും നശിക്കാൻ ഇടയാക്കിയത്. ഇതോടെ നൂറുകണക്കിന് തൊഴിലാളികളുടെ അദ്ധ്വാനവും ലക്ഷക്കണത്തിന് രൂപയുടെ വിത്തും നശിച്ചു. എന്നാൽ പുതുമഴ സമയത്ത് വിത്തിട്ട ഏതാനും ഏക്കർ മഞ്ഞൾകൃഷിക്ക് കാര്യമായ തകരാറുകൾ സംഭവിച്ചിട്ടില്ല. ഇതിനു ശേഷം കഴിഞ്ഞമാസം കൃഷിയിറക്കിയ ഏക്കർ കണക്കിന് കൃഷിയാണ് പാടേ നശിച്ചത്. ശാസ്ത്രീയമായി വിത്ത് സൂക്ഷിക്കാൻ കഴിയാഞ്ഞതും കൃഷി പരാജയപ്പെടാൻ ഇടയാക്കി. കൃഷിയിറക്കുന്ന സമയത്ത് വിത്തിന്റെ പകുതിയിലധികം ഭാഗവും ചീഞ്ഞ നിലയിലായിരുന്നു. ചീഞ്ഞ വിത്തിന്റെ ചെറിയൊരു ഭാഗത്തെ മുളകണ്ട് നട്ട ഭൂരിഭാഗം വിത്തുകളും മുളക്കാതെ നിന്നു. വിത്തിന് ഗുണമേന്മയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കൃഷിയിറക്കിയതെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്.
ഫാമിൽ കഴിഞ്ഞ വർഷം 25 ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയിരുന്നത്. ഇതിൽ 15 ടൺ വിത്ത് പുതുകൃഷിക്കായി മാറ്റിവെക്കുമെന്ന് അന്ന് അധികൃതർ പറഞ്ഞിരുന്നു. ഫാമിന്റെ ആറ്, എട്ട് ബ്ലോക്കുകളിൽ റബർ മുറിച്ചുമാറ്റിയ ഏക്കറുകളോളം സ്ഥലമാണ് പുതുകൃഷിക്കായി കണ്ടെത്തിയത്. ഇവിടെ നിലം ഒരുക്കുന്നതിന് തന്നെ വൻ തുക ചിലവാക്കുകയും ചെയ്തു. വിത്തിന്റെ പണം പോലും കിട്ടാത അവസ്ഥയാണ് ഇപ്പോൾ. മഞ്ഞൾ കൃഷിയെ വന്യമൃഗ ശല്യം കാര്യമായി ബാധിക്കാറില്ല. അതുകൊണ്ടാണ് വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടിയ ഫാമിൽ മഞ്ഞൾ കൃഷിക്ക് കൂടുതൽ പ്രധാന്യം നല്കിയുള്ള കൃഷി രീതി സ്വീകരിച്ചത്.
കരാർ കാലാവധി കഴിഞ്ഞ് പടിയിറങ്ങിയ എം ഡി വിമൽഘോഷിന് പകരം ആരെയും നിയമിക്കാത്തതു മൂലം നാലു മാസത്തോളമായി തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. വിമൽ ഘോഷിന്റെ തന്നെ കരാർ കലാവധി പുതുക്കി നൽകികൊണ്ടുള്ള ഉത്തരവും ഇതുവരെ ഇറങ്ങിയിട്ടില്ല. ഫാമിന്റെ താത്കാലിക ചുമതല ഇപ്പോൾ തലശേരി സബ്കലക്ടർക്ക് നൽകിയിരിക്കുകയാണ്. ഭരണത്തലവൻ ഇല്ലാത്തത് മൂലം ഇത് ഫാമിന്റെ എല്ലാവിധ പ്രവർത്തനങ്ങളേയും ബാധിച്ചിരിക്കുകയാണ്. ഇതും സമയക്രമം തെറ്റി മഞ്ഞൾകൃഷി ഇറക്കുന്നതിന് കാരണമാവുകയും മഞ്ഞൾ കൃഷിയെ പൂർണ്ണ പരാജയത്തിലേക്ക് എത്തിക്കുകയും ചെയ്തു എന്നാണ് കരുതുന്നത്. കൃത്യമായ പരിചരണം ഇല്ലാഞ്ഞതിനാൽ ഒരു ലക്ഷം രൂപയുടെ വിത്തെങ്കിലും നശിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിനിടയിൽ മാസങ്ങളോളം തൊഴിലാളികളുടേയും ജീവനക്കാരുടേയും ശബളം മുടങ്ങിയതും എല്ലാ പ്രവർത്തനങ്ങളുടേയും താളം തെറ്റിച്ചു.
ഇതേസമയം കഴിഞ്ഞ വർഷം കൃഷിചെയ്ത അഞ്ചുടൺ ഓളം പോളിഷ് ചെയ്ത മഞ്ഞൾ ഫാമിന്റെ ഗോഡൗണിൽ കിടക്കുകയാണ്. ഫാമിൽ ഉത്പ്പാദിപ്പിച്ച മഞ്ഞൾ മുഴുവൻ ഏറ്റെടുക്കാമെന്ന് ആറുമാസം മുൻമ്പ് റെയ്‌കോയുമായി ഫാം ധാരണാ പത്രം ഒപ്പു വെച്ചിരുന്നു. കഴിഞ്ഞ വർഷം 25 ഏക്കറിൽ ഉദ്പാദിപ്പിച്ച മഞ്ഞൾ പുതിയ കൃഷക്കുള്ള വിത്ത് കഴിച്ച് ബാക്കിയെല്ലാം റെയ്ഡ്‌കോയിക്ക് നല്കാനായിരുന്നു ധാരണ. മഞ്ഞൾ പോളിഷ് ചെയ്ത് എടുക്കുന്നതിന് ലക്ഷങ്ങൾ മുടക്കി തമിഴ് നാട്ടിൽ നിന്നും യന്ത്രവും വാങ്ങിയിരുന്നു. 50 ലക്ഷം രൂപയുടെ മഞ്ഞൾ ലഭിക്കുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷയെങ്കിലും മൂന്നിലൊന്ന് പോലും ലഭിച്ചില്ലെന്നാണ് തൊളിലാളികൾ പോലും രഹസ്യമായി സമ്മതിക്കുന്നത്. പോളിഷ് ചെയ്യാൻ വാങ്ങിയ യന്ത്രത്തിന്റെ വിലപോലും ലഭിക്കാത അവസ്ഥയാണെന്നാണ് അവർ പറയുന്നത്. ഇങ്ങനെപോയാൽ ലക്ഷങ്ങൾ മുടക്കി വാങ്ങിയ പോളിഷ് യന്ത്രവും തുരുമ്പുപിടിച്ച് നശിക്കാനാണ് ഇടയാക്കുക.
റെയ്ഡ്‌കോ ഇതുവരേയും ഏറ്റെടുക്കാൻ തെയ്യാറാകാത്തതാണ് പോളിഷ് ചെയ്ത അഞ്ചുടൺ ഓളം മഞ്ഞൾ ഫാമിന്റെ ഗോഡൗണിൽ കിടകിടക്കാനിടയാക്കിയത് . മൂന്ന് ലക്ഷം രൂപ അവർ മുൻകൂറായി നിൽകിയിരുന്നെങ്കിലും അവർ ഇത് ഏറ്റെടുക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനില്ക്കുകയാണ് .

Related posts

വമ്പൻ ജയം ; സ്‌കോട്‌ലൻഡിനെ എറിഞ്ഞൊതുക്കി ഇന്ത്യ .

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 1,488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor

മഞ്ഞക്കൊന്ന നിവാരണം – ടെൻഡർ നടപടികൾ അന്തിമഘട്ടത്തിൽ

Aswathi Kottiyoor
WordPress Image Lightbox