കണ്ണൂർ: വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കുമ്പോഴും കണ്ണൂർ ജില്ലയിൽ ഇപ്പോഴും ലൈസൻസ് എടുത്തത് 20 ശതമാനം മാത്രം. തെരുവുനായ് ശല്യം കൂടിവന്ന സാഹചര്യത്തിൽ എബിസി പദ്ധതി പ്രാബല്യത്തിൽ വന്നത് മുതലാണ് വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കിയത്. എന്നാൽ 80 ശതമാനത്തോളം വളർത്തുനായ്ക്കൾക്ക് ഇപ്പോഴും ലൈസൻസില്ല.
പഞ്ചായത്തുതലത്തിലാണ് ലൈസൻസ് നൽകുന്നത്. പേവിഷ പ്രതിരോധ കുത്തിവയ്പെടുത്ത വളർത്തുനായ്ക്കൾക്ക് മാത്രമേ ലൈസൻസ് നൽകുകയുള്ളൂ. ഓരോ വീട്ടിലെ വളർത്തുമൃഗങ്ങളും ലൈസൻസ് എടുത്തുവെന്നത് അധികൃതർ ഉറപ്പുവരുത്തണമെന്നാണ് നിർദേശം. എന്നാൽ പല പഞ്ചായത്തുകളിലും ആവശ്യപ്പെടുന്നവർക്ക് മാത്രമാണ് ലൈസൻസ് നൽകുന്നത്. പലരും പഞ്ചായത്തിലെത്തി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നത് കൊണ്ടുതന്നെ ലൈസൻസ് എടുക്കാൻ മടിക്കുന്നു. ജില്ലയിൽ പല ഭാഗങ്ങളിലും വളർത്തുമൃഗങ്ങൾക്കടക്കം പേ വിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ലൈസൻസും പേ വിഷ പ്രതിരോധ കുത്തിവയ്പും നിർബന്ധമാക്കാനൊരുങ്ങുകയാണ് അധികൃതർ. ഈ മാസം അവസാനത്തോടെ പഞ്ചായത്തുതലത്തിൽ പ്രത്യേക ടീം രൂപീകരിച്ച് വീടുകൾ കയറിയിറങ്ങി പരിശോധന നടത്തും. ഒക്ടോബർ മാസം മുതൽ ലൈസൻസില്ലാത്ത വളർത്തുമൃഗങ്ങൾക്ക് വൻ തുക പിഴയീടാക്കുമെന്നും അധികൃതർ പറഞ്ഞു. കൂടാതെ ലൈസൻസുള്ള നായ്ക്കളെ തിരിച്ചറിയാനായി മൈക്രോ ചിപ്പ് സംവിധാനം ഏർപ്പെടുത്തും. ഇതിലൂടെ നായ്ക്കളുടെ കാര്യങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് അറിയാൻ കഴിയും. വന്ധ്യംകരണം നടത്തിയ തെരുവുനായ്ക്കൾക്കും മൈക്രോ ചിപ്പ് സംവിധാനം ഘടിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.
പടിയൂരിൽ എബിസി
കേന്ദ്രം തയാർ
ജില്ലയിലെ തെരുവുനായ് ശല്യം പരിഹരിക്കാനായി പടിയൂരിൽ തുടക്കമിട്ട എബിസി(ആനിമല്‍ ബര്‍ത്ത് കണ്ട്രോൾ) ഈ മാസം അവസാനത്തോടെ തുറക്കും. സിസിടിവി സ്ഥാപിക്കുന്നതും ചെറിയ ഇലക്ട്രിക്കൽ വർക്കുകളും മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് പത്തു ദിവസത്തിനുള്ളിൽ പൂർത്തീകരിക്കും. 1600 രൂപയാണ് വന്ധ്യംകരണത്തിന് ഫീസായി ഈടാക്കുക. ഇത് ജില്ലാപഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി നൽകും. വളർത്തുനായ്ക്കളുടെ ഉടമകൾ വന്ധ്യംകരണത്തിന്റെ ഫീസ് സ്വന്തം നിലയ്ക്ക് വഹിക്കണമെന്നും അധികൃതർ പറഞ്ഞു. പൊതുവിഭാഗ വികസനഫണ്ടും തനത് ഫണ്ടും ഉപയോഗിച്ചാണ് തദ്ദേശസ്ഥാപനങ്ങള്‍ എബിസി പദ്ധതി നടപ്പാക്കുന്നത്. വിവിധ സാഹചര്യങ്ങളിൽ പരിക്കേൽക്കുന്ന തെരുവുനായ്ക്കൾക്കായി മൂന്ന് കൂടുകൾ ഒഴിച്ചിടും. അടുത്ത ഘട്ടത്തിൽ ഇവയെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രങ്ങളും ആരംഭിക്കും.
പട്ടി പിടിത്തത്തിന് 15 പേർ
തെരുവുനായ് ശല്യം വർധിക്കുന്പോഴും നായ്ക്കളെ പിടിക്കാൻ ആളെ കിട്ടാത്തത് ജനങ്ങൾക്കിടയിൽ അമർഷത്തിന് ഇടയാക്കിയിരുന്നു. എന്നാൽ പടിയൂരിൽ എബിസി കേന്ദ്രം തുറക്കുന്ന സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള 15 പേരെ നായ് പിടിത്തത്തിനായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ അഞ്ചുപേർ ഉണ്ടെങ്കിലും ജില്ലയിൽ തെരുവുനായ്ക്കൾ വർധിച്ച സാഹചര്യത്തിൽ ഇത് മതിയാകാതെ വന്ന സാഹചര്യത്തിലാണ് കൂടുതൽ ആളുകളെ നിയോഗിക്കുന്നത്. 300 രൂപയാണ് ഒരു നായയെ പിടിക്കുന്നതിന് പ്രതിഫലം. പാപ്പിനിശേരിയിൽ എബിസി കേന്ദ്രം തുടങ്ങിയപ്പോൾ തെരുവുനായ്ക്കളെ വന്ധ്യംകരണത്തിനായി പിടികൂടാനായി തദ്ദേശീയരെ ലഭിക്കാതായപ്പോള്‍ ആനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേപ്പാളില്‍നിന്നാണ് നായ്പിടിത്തക്കാരെ എത്തിച്ചത്. 17,000 രൂപ ശമ്പളം നല്കി ആറുപേരെയായിരുന്നു അന്ന് ജില്ലാപഞ്ചായത്ത് നിയമിച്ചത്.