കണ്ണൂർ: കശുമാവ് കൃഷി വ്യാപിക്കുന്പോഴും കർഷകർക്ക് ലഭിച്ചുകൊണ്ടിരുന്ന കേന്ദ്രസർക്കാരിന്റെ സബ്സിഡി ബാലികേറാമലയാകുന്നു. കേന്ദ്രസർക്കാരിന്റെ കാഷ്യു ആൻഡ് കൊക്കോ ഡയറക്ടറേറ്റ് കശുമാവിൻ തൈകൾക്ക് 100 രൂപവച്ച് കർഷകർക്ക് സബ്സിഡി നൽകുന്നുണ്ട്. ഒരു ഹെക്ടർ സ്ഥലത്ത് കശുമാവ് കൃഷിക്കായി 20000 രൂപയാണ് സബ്സിഡി ലഭിക്കുന്നത്. 200 തൈകളാണ് ഒരു ഹെക്ടറിൽ നട്ടുവളർത്താൻ സാധിക്കുന്നത്.
എന്നാൽ ഈ സബ്സിഡി ആദ്യത്തെ വർഷം മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. തൈ ഒന്നിന് 100 രൂപ സബ്സിഡി ലഭിക്കേണ്ട കർഷകരോട് 50 രൂപ തൈവിലയായി ഈടാക്കുന്നു. ബാക്കിയുള്ള 50 രൂപയിൽനിന്നും ആദ്യത്തെ ഒരു വർഷം പത്തു രൂപയാണ് സബ്സിഡിയായി ഒരു തൈക്ക് ലഭിക്കുന്നത്.
രണ്ടാമത്തെ വർഷം 20 ശതമാനം സബ്സിഡി ലഭിക്കണമെങ്കിൽ 80 ശതമാനം കശുമാവിൻ തൈകൾ ഉണ്ടാകണമെന്നാണ് വ്യവസ്ഥ. എന്നാൽ കാലാവസ്ഥാ വ്യത്യയാനം മൂലമുണ്ടാകുന്ന രോഗബാധയും വന്യമൃഗശല്യവും മൂലം കർഷകരുടെ പകുതിയോളം കശുമാവിൻതൈകൾ നശിച്ചുപോകുന്നു. ഇതോടെ സബ്സിഡിയും നഷ്ടപ്പെടുന്നു.
മൂന്നാം വർഷം നശിച്ചുപോയ കശുമാവിൻ തൈകളുടെ സ്ഥാനത്ത് പുതിയതു നട്ട് 90 ശതമാനം കശുമാവിൻ തൈകൾ ഉണ്ടെങ്കിൽ മാത്രമാണ് സബ്സിഡി ലഭിക്കുന്നത്. എന്നാൽ ഇതും കർഷകന് ലഭിക്കുന്നില്ല. നിലവിൽ ആദ്യത്തെ ഒരു വർഷം മാത്രമാണ് കർഷകന് സബ്സിഡി ലഭിക്കുന്നതെന്നാണ് വസ്തുത. നിലവിൽ 2014 മുതൽ സംസ്ഥാന സർക്കാരിന്റെ സബ്സിഡി കശുമാവ് കർഷകർക്ക് ലഭിക്കുന്നില്ല.
കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ കശുമാവ് കൃഷി വ്യാപകമായിരിക്കുകയാണ്. കശുവണ്ടിക്ക് സർക്കാർ താങ്ങുവില പ്രഖ്യാപിച്ചില്ലെങ്കിൽ കശുമാവ് കർഷകരെ കാത്തിരിക്കുന്നത് നഷ്ടകച്ചവടമായിരിക്കും.