കേളകം: തുടർച്ചയായ ഉരുൾപൊട്ടലിൽ ഇരു ചുരം പാതകളും തകർന്നടിയുമ്പോൾ കൊട്ടിയൂർ-വയനാട് ചുരമില്ലാ പാതക്കായി മുറവിളി തുടരുന്നു.
ചുരംരഹിതമായി വയനാട്ടിലേക്കും അതുവഴി കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും എളുപ്പത്തിൽ യാത്രചെയ്യാൻ കഴിയുന്ന അമ്പായത്തോട്- 44-ാം മൈൽ ചുരംരഹിതപാത നിർമിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത്-വനം മന്ത്രിമാർ എന്നിവർക്ക് നാട്ടുകാരുടെയും കൊട്ടിയൂർ, കേളകം പഞ്ചായത്ത് ഭരണസമിതികളുടെയും നേതൃത്വത്തിൽ കൂട്ട നിവേദനങ്ങൾ നൽകി.
പാത നിർമാണത്തിന് വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് അധികൃതർ നിവേദനം നൽകിയത്. നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലുള്ള ഈ റോഡിന് തടസം വനം വകുപ്പാണ്.
അമ്പായത്തോടിൽനിന്ന് താഴെ പാൽചുരം വഴി വനത്തിലൂടെ തലപ്പുഴക്കടുത്ത് 44-ാം മൈലിൽ പ്രധാന പാതയിൽ എത്തുന്നതാണ് നിർദിഷ്ട ബദൽ റോഡ്. ചുരമുണ്ടാകില്ല എന്നതാണ് ഈ റോഡ് യാഥാർഥ്യമായാലുള്ള പ്രത്യേകത. എന്നാൽ, വനസാന്നിധ്യം പദ്ധതി നടക്കാതെ പോകാൻ കാരണമാകുന്നു.
ബദൽ റോഡിന്റെ നിർദിഷ്ട പാത നിക്ഷിപ്ത വനത്തിലൂടെയാണ് പോവുന്നത്. ഇതിന് വനം വകുപ്പിന്റെ അനുമതി വേണം. ആധുനിക സാങ്കേതികവിദ്യയിൽ മേൽപ്പാലങ്ങൾ നിർമിച്ച് വനത്തിന്റെ സ്വാഭാവികതക്ക് കോട്ടം വരുത്താതെ റോഡ് നിർമിക്കാനാവുമെന്ന നിർദേശവും ഉയർന്നിരുന്നു.
1360 മീറ്ററോളം നിക്ഷിപ്ത വനത്തിലൂടെ പാത നിർമിക്കേണ്ടി വരുമെന്നതാണ് പാതയുടെ പ്രധാന തടസം. ഉരുൾപൊട്ടൽ പരമ്പരകളിലും മലയിടിച്ചിലിലും തകർന്നടിഞ്ഞ നിലയിലാണ് കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന നെടുംപൊയിൽ – മാനന്തവാടി ചുരം, കൊട്ടിയൂർ -വയനാട് ചുരം പാതകൾ. മുളവടികൊണ്ട് ബാരിക്കേഡുകൾ തീർത്ത പാതയിൽ യാത്രക്കാർക്ക് നെഞ്ചിടിപ്പേറുകയാണ്.
കൊട്ടിയൂർ -വയനാട് ചുരം റോഡ് പുനർനിർമാണത്തിനായി 10 കോടി രൂപയുടെ പദ്ധതിക്ക് നിർദേശം പൊതുമരാമത്ത് വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ട് വർഷം പിന്നിട്ടിട്ടും നിർദേശം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.
അമ്പായത്തോടുമുതല്‍ ബോയ്സ് ടൗണ്‍ വരെയുള്ള പാതയുടെ പാർശ്വഭിത്തി, ഓവുചാല്‍ എന്നിവ നിര്‍മിക്കാനും റീ ടാറിംഗിനുമുള്ള പ്രപ്പോസലാണ് പിഡബ്ല്യുഡി വടകര ചുരം ഡിവിഷന് സര്‍ക്കാരിന് അന്ന് നൽകിയത്. അറ്റകുറ്റപ്പണി നടത്തുകയല്ലാതെ പാതയിലെ സുരക്ഷിത യാത്ര സർക്കാർ പരിഗണിക്കുന്നേയില്ല. ഒരു വശം കൊക്കയും മറുഭാഗം വൻ മലയുമായ പാതയിൽ ദുരന്തത്തിന്റെ വഴിവക്കിലാണ് യാത്രക്കാർ.
previous post