കണ്ണൂര്‍: തടവുകാരെ നിരീക്ഷിക്കാന്‍ സ്മാർട്ട് വാച്ച് പദ്ധതിയുമായി കണ്ണൂര്‍ സ്‌പെഷല്‍ സബ്ജയില്‍. ഓണ്‍ലൈന്‍ നിരീക്ഷണത്തിനായി ജയില്‍ വകുപ്പിന്റെ ഹൈടെക് സെല്ലിന്റെ ശുപാര്‍ശയോടെ ആഭ്യന്തരവകുപ്പിന് പദ്ധതി സമര്‍പ്പിച്ചിരിക്കുകയാണ്. 2.5 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
തടവുകാരുടെ കൈയില്‍ കെട്ടുന്ന സ്മാർട്ട് വാച്ച് നശിപ്പിക്കാന്‍ കഴിയാത്ത വിധം ലോഹത്തിലായിരിക്കും നിര്‍മ്മിക്കുക. അഴിച്ചുമാറ്റാന്‍ പറ്റാത്ത വിധത്തില്‍ കയ്യില്‍ പൂട്ടുകയും ചെയ്യും. നശിപ്പിക്കാന്‍ ശ്രമിച്ചാലും അഴിച്ചുമാറ്റാന്‍ ശ്രമിച്ചാലും സ്മാർട്ട് വാച്ചിലും കണ്‍ട്രോള്‍ റൂമിലും അലാം മുഴങ്ങും.
ചാടിപ്പോകുന്ന തടവുകാരെ ജിപിഎസ് ലൊക്കേഷന്‍ വച്ച് സ്മാര്‍ട് വാച്ച് ഉപയോഗിച്ച് കണ്ടെത്താന്‍ കഴിയും. കൂടാതെ തടവുകാരുടെ ആരോഗ്യ സുരക്ഷയ്ക്കും സഹയകരമായ രീതിയിലാണ് സ്മാർട്ട് വാച്ചിന്റെ രൂപകല്പന. തടവുകാരനു രക്തസമ്മര്‍ദത്തില്‍ മാറ്റമുണ്ടായാലും വാച്ചിലെ അലാം മുന്നറിയിപ്പു നല്‍കും.
സ്മാർട്ട് വാച്ച് വഴി വ്യക്തിജീവിതത്തിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റമല്ലെന്നു ജയില്‍ അധികൃതര്‍ വ്യകത്മാക്കുന്നു.എന്നാല്‍ തടവുകാര്‍ മുഴുവന്‍ സമയം നിരീക്ഷത്തിലായിരിക്കും. ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ എകെ ഷിനോജാണ് പദ്ധതി ആവിഷ്‌കരിച്ചത്