21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കൊല്ലത്തെ തട്ടിക്കൊണ്ടുപോകല്‍: ക്വട്ടേഷന്‍ നല്‍കിയത് കുട്ടിയുടെ ബന്ധു, പത്തുലക്ഷം രൂപയുടെ തര്‍ക്കം.
Kerala

കൊല്ലത്തെ തട്ടിക്കൊണ്ടുപോകല്‍: ക്വട്ടേഷന്‍ നല്‍കിയത് കുട്ടിയുടെ ബന്ധു, പത്തുലക്ഷം രൂപയുടെ തര്‍ക്കം.


കൊല്ലം: കൊട്ടിയത്തെ വീട്ടില്‍നിന്ന് 14-കാരനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബന്ധുവാണെന്ന് പോലീസ്. കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് ക്വട്ടേഷന്‍ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പോലീസ് പറഞ്ഞു.

2019-ല്‍ കുട്ടിയുടെ മാതാവ് ബന്ധുവില്‍നിന്ന് പത്തുലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാതിരുന്നതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധു ക്വട്ടേഷന്‍ നല്‍കിയത്. ഒരുലക്ഷം രൂപയായിരുന്നു ക്വട്ടേഷന്‍ തുകയെന്നും പോലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ടാണ് കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്കിന് സമീപം ഫാത്തിമ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷിക്കിനെ ഒരു സംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കള്‍ പുറത്തുപോയ സമയം, വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ആഷിക്കിനെ പിടിച്ചിറക്കി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സംഭവസമയം ആഷിക്കും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇരുവരെയും ആക്രമിച്ച ശേഷമാണ് ആഷിക്കിനെ തട്ടിക്കൊണ്ടുപോയത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് മണിക്കൂറുകള്‍ക്ക് ശേഷം പാറശ്ശാല കോഴിവിള ചെക്ക്‌പോസ്റ്റില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുമായി ഓട്ടോയില്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതിനിടെ പോലീസ് തടഞ്ഞതോടെ ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ ഓടിരക്ഷപ്പെട്ടു. മറ്റൊരാളായ മാര്‍ത്താണ്ഡം സ്വദേശി ബിജുവിനെ പോലീസ് പിടികൂടുകയും ഓട്ടോയിലുണ്ടായിരുന്ന ആഷിക്കിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.കൊട്ടിയത്തുനിന്ന് ആഷിക്കുമായി കാറില്‍ കടന്ന സംഘത്തെ യാത്രയ്ക്കിടെ പൂവാര്‍ പോലീസ് തടയാന്‍ ശ്രമിച്ചിരുന്നു. ഇതോടെ സംഘം കാര്‍ ഉപേക്ഷിച്ച് ആഷിക്കിനെ ഓട്ടോയിലേക്ക് മാറ്റി. കാറില്‍ കയറ്റിയതിന് പിന്നാലെ ക്വട്ടേഷന്‍ സംഘം ആഷിക്കിനെ ബോധരഹിതനാക്കിയിരുന്നു. തുടര്‍ന്ന് പോലീസിന്റെ കണ്ണില്‍പ്പെട്ടതോടെ പട്യാലമുക്കിന് സമീപം കാര്‍ ഉപേക്ഷിച്ച് സംഘം പലതായി പിരിഞ്ഞു. ഇതില്‍ രണ്ടുപേരാണ് ആഷിക്കുമായി പിന്നീട് ഓട്ടോയില്‍ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

മദ്യപിച്ചതിനാലാണ് ആഷിക്ക് അബോധാവസ്ഥയിലായതെന്നാണ് ഇരുവരും ഓട്ടോ ഡ്രൈവറോട് പറഞ്ഞിരുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനിരിക്കെ കോഴിവിള ചെക്ക്‌പോസ്റ്റില്‍ ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് പിടികൂടുകയായിരുന്നു.

ആഷിക്കിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ആകെ ഒന്‍പത് പേരുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തിന് മുമ്പ് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറില്‍ ഇവര്‍ കൊട്ടിയത്തും സമീപത്തും കറങ്ങിനടന്ന് നിരീക്ഷണം നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വീട്ടില്‍ മാതാപിതാക്കളില്ലെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതികള്‍ ആഷിക്കിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്.

അതേസമയം, സംഘത്തിലുള്ള മറ്റുള്ളവരെക്കുറിച്ച് തനിക്കറിയില്ലെന്നാണ് പിടിയിലായ മാര്‍ത്താണ്ഡം സ്വദേശി ബിജു കഴിഞ്ഞദിവസം പോലീസിന് നല്‍കിയ മൊഴി. ആയിരം രൂപ കൂലിയ്ക്കായാണ് താന്‍ ഇതില്‍ പങ്കാളിയായതെന്നും ഓട്ടോയില്‍ കൂടെയുണ്ടായിരുന്നയാള്‍ ഡോക്ടറാണെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.

Related posts

ആര്യ രാജേന്ദ്രന്‍ – സച്ചിന്‍ ദേവ് വിവാഹ നിശ്ചയം നടന്നു; ചടങ്ങുകള്‍ എകെജി സെന്ററില്‍.

Aswathi Kottiyoor

കേന്ദ്രത്തിന്റെ കടുംവെട്ട്‌: കേരളം ഞെരുക്കത്തിൽ

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്ത് തൊഴിൽ സഭ

Aswathi Kottiyoor
WordPress Image Lightbox