കണ്ണൂർ: ഓണത്തിരക്ക് ലക്ഷ്യമാക്കി കണ്ണൂരിൽ തമിഴ് യുവതികളടങ്ങുന്ന മാലമോഷണ സംഘം എത്തിയതായി പോലീസ്. കഴിഞ്ഞദിവസം മാലമോഷണക്കേസിൽ അറസ്റ്റിലായ തൂത്തുക്കുടി സ്വദേശിനി പാർവതിയെ ചോദ്യം ചെയ്തതിൽനിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്. പത്ത് യുവതികളാണ് ഈ സംഘത്തിലുള്ളത്. ഇവർ കണ്ണൂർ, തളിപ്പറന്പ്, ഇരിട്ടി, തലശേരി, പയ്യന്നൂർ തുടങ്ങിയ നഗരങ്ങളിൽ എത്തിയതായാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. ഇതേത്തുടർന്ന് പിങ്ക് പോലീസിന്റെ നേതൃത്വത്തിൽ ബസുകളിൽ കയറി യാത്രക്കാർക്ക് ബോധവത്കരണം നടത്തിവരുന്നുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ മഫ്തി പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
മൂന്ന് ചുരിദാർ
ധരിച്ചിറങ്ങും
തിരക്കുള്ള ബസിൽ മൂന്ന് ചുരിദാർ ധരിച്ചാണ് മാല മോഷണത്തിന് ഇറങ്ങുന്നത്. യുവതിക്കൊപ്പം മറ്റൊരു സ്ത്രീയും പുരുഷനുമുണ്ടാകും. പുരുഷൻ യുവതി കയറുന്ന ബസ് സഞ്ചരിക്കുന്ന ഏതെങ്കിലും സ്റ്റോപ്പിലായിരിക്കും നിൽക്കുന്നത്. യുവതികളുടെ രണ്ടംഗസംഘം ബസിൽ കയറും. മൂന്ന് ചുരിദാർ ധരിച്ച സ്ത്രീയാണ് മോഷണം നടത്തുന്നത്. ഒരു നിശ്ചിത സമയത്തിനുള്ളിൽ മാല പറിച്ച് സ്റ്റോപ്പിലിറങ്ങി പുരുഷസുഹൃത്തിന് കൈമാറിയശേഷം സമീപത്തുള്ള സ്ഥലത്തുനിന്ന് ചുരിദാർ മാറും. യുവതിയുടെ കൂടെയുള്ള മറ്റു യുവതി ബസിലുണ്ടാകുന്ന സംഭവവികാസങ്ങൾ വീക്ഷിക്കും. ഇതിനിടെ മാല നഷ്ടപ്പെട്ട സ്ത്രീ ബസിലുള്ളവരോട് പറയുകയും ബസ് കണ്ടക്ടർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്യും. സമീപത്തുണ്ടായിരുന്ന യുവതിയുടെ ഡ്രസിന്റെ നിറം പറയുകയും ചെയ്യുന്നു. പോലീസ് ഇതനുസരിച്ച് സമീപപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയാലും ചുരിദാർ മാറിയ യുവതി രക്ഷപെടുന്നു.
പിടിക്കപ്പെട്ടാൽ
ഒത്തുതീർപ്പ്
മാല മോഷണത്തിൽ ഉൾപ്പെട്ട യുവതികളെ രക്ഷിക്കാൻ അഭിഭാഷകരുടെ ഒരു പടതന്നെയുണ്ട്. മാല നഷ്ടപ്പെട്ട സ്ത്രീകളുമായി ഒത്തുതീർപ്പിലെത്തി പരാതിയില്ലെന്ന് പറയിപ്പിക്കുകയാണ് അഭിഭാഷകരുടെ രീതി. നഷ്ടപ്പെട്ട മാലയ്ക്കു പകരമായി പുതിയ മാല നൽകും. പുതിയ മാല ലഭിക്കുന്നതോടെ പരാതി പിൻവലിക്കുന്നു. ഇതോടെ, അഴിക്കുള്ളിലായ യുവതി പുറത്തിറങ്ങുന്നു. മാല മോഷണം സംബന്ധിച്ച കേസുകളിൽ 20 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ബാക്കി 80 ശതമാനം കേസുകളിലും ഇതുവരെ പ്രതികൾ പിടിക്കപ്പട്ടിട്ടില്ല.