24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പെൺകരുത്തിൽ ബ്രിട്ടൻ; ഋഷി സുനകിനെ പിന്തള്ളി ലിസ് ട്രസ് പുതിയ പ്രധാനമന്ത്രി.
Kerala

പെൺകരുത്തിൽ ബ്രിട്ടൻ; ഋഷി സുനകിനെ പിന്തള്ളി ലിസ് ട്രസ് പുതിയ പ്രധാനമന്ത്രി.

ലിസ് ട്രസ് പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി. ബോറിസ് ജോൺസനു പിൻഗാമിയായാണ് ലിസ് ട്രസ് അധികാരത്തിലേറുക. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നതോടെയാണ് മുൻ വിദേശകാര്യമന്ത്രി ലിസ് ട്രസ് വിജയിയായത്. ഇന്ത്യൻ വംശജനായ മുൻധനമന്ത്രി ഋഷി സുനക് ആയിരുന്നു എതിരാളി. ലിസ് ട്രസിന് 81,326 വോട്ടും ഋഷി സുനകിന് 60,399 വോട്ടുമാണ് ലഭിച്ചത്. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് നാൽപ്പത്തിയേഴുകാരിയായ ലിസ്. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ നാളെ സ്ഥാനമൊഴിയും.പ്രധാനമന്ത്രിയാകാനുള്ള അവകാശവവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദർശിക്കും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുക. സ്കോട്ട്ലൻഡിലെ വേനൽക്കാല വസതിയായ ബാൽമോറിലാണ് നിലവിൽ എലിസബത്ത് രാജ്ഞിയുള്ളത്. ഇവിടെയെത്തിയാകും പുതിയ പ്രധാനമന്ത്രി രാജ്ഞിയെ കാണുക. ബോറിസിന്റെ രാജിയും വിടവാങ്ങൽ സന്ദർശനവും ഇവിടെയെത്തിയാകും. 70 വർഷത്തിലേറെയായുള്ള രാജ്ഞിയുടെ അധികാര ചരിത്രത്തിൽ ഇതിനോടകം 14 പേരെ അവർ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. ഇതെല്ലാം നടന്നത് ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരത്തിലായിരുന്നു. എന്നാൽ ചരിത്രത്തിൽ ആദ്യമായാണ് സ്കോട്ട്ലൻഡിലെ ബാലമോറിൽ ചടങ്ങുകൾ നടക്കുക. പ്രധാനമന്ത്രിയിൽ അവിശ്വാസം പ്രഖ്യാപിച്ച് മന്ത്രിസഭയിലെ 50 പേർ രാജിവച്ചൊഴിയുകയും പാർട്ടി എംപിമാരിൽ ഭൂരിപക്ഷവും എതിരാവുകയും ചെയ്തതോടെ ബോറിസ് ജോൺസന് മറ്റു വഴികളില്ലാതായി. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രെക്സിറ്റ് പദ്ധതിയുടെ പശ്ചാത്തലത്തിൽ 2019 ലെ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ ബോറിസ് ജോൺസനെ തുടക്കം മുതൽ വിവാദങ്ങൾ പിന്തുടർന്നു. കോവിഡ് കാലത്ത് ലോക്ഡൗൺ ചട്ടങ്ങൾ മറികടന്ന് മദ്യസൽക്കാരമടക്കമുള്ള ആഘോഷങ്ങൾ നടത്തിയത് വൻ തിരിച്ചടിയായി. ‘പാർട്ടിഗേറ്റ്’ എന്നറിയപ്പെട്ട ഈ വിവാദത്തിന്റെ പേരിൽ പാർലമെന്റിൽ ക്ഷമാപണം നടത്തേണ്ടിവന്നു, ചട്ടലംഘനത്തിനു പൊലീസ് പിഴ ചുമത്തുകയും ചെയ്തു. പിന്നാലെ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു ബ്രിട്ടൻ കൂപ്പുകുത്തി. വിലക്കയറ്റം രൂക്ഷമായി. ഇതോടെയാണ് ബോറിസ് രാജിവച്ചത്.

ഇന്ത്യൻ വംശജനായ ഋഷി സുനക് ലിസ് ട്രസിന്റെ മുഖ്യ എതിരാളിയായിരുന്നു. ബോറിസ് ജോൺസൻ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ഋഷി സുനകാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജി പ്രഖ്യാപിച്ചത്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ ഋഷി സുനകിനെ ധനമന്ത്രിയായി ബോറിസ് ജോൺസൻ നിയമിച്ചത്. ഋഷി, ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ്.

Related posts

നേപ്പാളില്‍ യാത്രാവിമാനം കാണാതായി; തകര്‍ന്നതായി സംശയം

Aswathi Kottiyoor

ആധാരമെഴുത്തുകാർക്ക് സബ് റജിസ്ട്രാർ ഓഫിസുകളിൽ കർശന നിയന്ത്രണം

Aswathi Kottiyoor

നഗരവൽക്കരണം: കേരളം സ്വന്തം മാതൃക സൃഷ്ടിക്കും: മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor
WordPress Image Lightbox