കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കെ എസ് ആർ ടി സിയുടെ ടൂറിസം യാത്രയിലൂടെ ആറ് മാസത്തിനിടെ ജില്ലയിൽ ലഭിച്ചത് 26 ലക്ഷം രൂപയുടെ വരുമാനം. ഈ വർഷം ഫെബ്രുവരി മുതൽ ആഗസ്റ്റ് 31 വരെ 71 വിനോദ യാത്രകളാണ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. 41 ഏകദിന യാത്രകളും 30 ദ്വിദിന യാത്രകളും ഇതിൽ ഉൾപ്പെടും.
കണ്ണൂർ-പൈതൽമല, കണ്ണൂർ-വയനാട് എന്നീ ഏകദിന യാത്രകളും കണ്ണൂർ-മൂന്നാർ, കണ്ണൂർ-വാഗമൺ-കുമരകം, കണ്ണൂർ-തിരുവനന്തപുരം-കുമരകം എന്നിങ്ങനെ ദ്വിദിന, ത്രിദിന പാക്കേജുകളാണ് നിലവിലുള്ളത്. പൈതൽമല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയംതട്ട് എന്നീ കേന്ദ്രങ്ങളെ കോർത്തിണക്കിയ ഒരു ദിവസത്തെ യാത്രക്ക് 750 രൂപയാണ് ചെലവ്. കണ്ണൂർ-തുഷാരഗിരി വെള്ളച്ചാട്ടം-എൻ ഊര് ആദിവാസി പൈതൃക ഗ്രാമം-ലക്കിടി വ്യൂ പോയിന്റ്-ഹണി മ്യൂസിയം-പൂക്കോട് തടാകം എന്നിവ ഉൾപ്പെട്ട യാത്രക്ക് 1140 രൂപയാണ് നിരക്ക്. രണ്ട് ദിവസത്തെ മൂന്നാർ പാക്കേജിന് 2050 രൂപയും മൂന്ന് ദിവസത്തെ പാക്കേജിന് 2700 രൂപയുമാണ്. ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചതും ഈ പാക്കേജിൽ നിന്നാണ്. 14 ലക്ഷം രൂപ. കണ്ണൂർ-വാഗമൺ-കുമരകം, തിരുവനന്തപുരം-കുമരകം, നെഫർറ്റിറ്റി ആഡംബര കപ്പലിലെ അഞ്ച് മണിക്കൂർ യാത്ര തുടങ്ങിയ പാക്കേജുകളും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപേരാണ് കെ എസ് ആർ ടി സി ഒരുക്കുന്ന വിനോദയാത്രയുടെ ഭാഗമാകുന്നത്. 40 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് വലിയ വിഭാഗം യാത്രക്കാർ. സ്ത്രീകളും കൂടുതലായി ഇതിന്റെ ഭാഗമാകുന്നുണ്ട്. വളരെ വേഗത്തിലാണ് ബുക്കിംഗ് പൂർത്തിയാകുന്നത്. വരും ദിനങ്ങളിൽ പാലക്കാട്-സൈലന്റ് വാലി, ബേക്കൽ-റാണിപുരം ഹിൽസ്റ്റേഷൻ, ഊട്ടി, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കണ്ണൂരിൽ നിന്നും യാത്ര സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് കെ എസ് ആർ ടി സി.