• Home
  • Kerala
  • മൊബൈൽ ഫോൺ വഴി ജനഹൃദയങ്ങളിലെത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍
Kerala

മൊബൈൽ ഫോൺ വഴി ജനഹൃദയങ്ങളിലെത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍

പാതയോരങ്ങളിലെ വ്യത്യസ്തമായ കാഴ്ചകൾ മൊബൈൽ ഫോണിൽ പകർത്തി പ്രദർശനങ്ങളിലൂടെ സമൂഹ ശ്രദ്ധയിലെത്തിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍റെ ചിത്രങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം.

മല്ലപ്പള്ളി ജോയിന്‍റ് ആർടിഒയും മാവേലിക്കര ഓല കെട്ടിയന്പലം സ്വദേശിയുമായ എം.ജി. മനോജിന്‍റെ ചിത്രങ്ങൾക്കാണ് ഇന്‍റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സിന്‍റെ അംഗീകാരം ലഭിച്ചത്.

സമൂഹത്തിന്‍റെ കണ്ണ് തുറപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ നൂറിലധികം ചിത്രങ്ങൾ ഇദ്ദേഹം പകർത്തുകയും വിവിധ ഇടങ്ങളിലായി പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും മനുഷ്യത്വപരമായ ഇടപെടൽ നടത്തിയും ശ്രദ്ധേയനായ വ്യക്തി കൂടിയാണ്. കൂടാതെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി നല്ല ആശയങ്ങൾ അദ്ദേഹം മോട്ടോർ വാഹന വകുപ്പിന് നൽകുകയും അത് പിന്നീട് ഉത്തരവുകളായി പ്രാബല്യത്തിൽ വരുകയും ചെയ്തിട്ടുണ്ട്.

ഓടുന്ന വാഹനത്തിൽ കുട ചൂടരുത്, കുട്ടികളെ തനിച്ചിരുത്തി റോഡരുകിൽ വാഹനം പാർക്ക് ചെയ്യരുത് എന്നീ ഉത്തരവുകൾക്ക് പിന്നിലെ ആശയം ഇദ്ദേഹത്തിന്‍റേതായിരുന്നു. 2019 ൽ മികച്ച ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡൽ, കൂടാതെ ഫോട്ടോഗ്രാഫി മത്സരത്തിൽ രണ്ട് ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും എം ജി മനോജിന് ലഭിച്ചിട്ടുണ്ട്.

മുന്പ് ചേർത്തലയിൽ ജോലിചെയ്യുന്ന സമയത്ത് തണ്ണീർമുക്കം റോഡിൽ തൊട്ടിലിൽ കുട്ടിയെ കിടത്തി ഉപജീവനം കണ്ടെത്തുന്ന തൃശൂർ മതിലകം സ്വദേശിനി ഗീതു എന്ന യുവതിയുടെ ജീവിത നൊന്പര കാഴ്ച മനോജ് മൊബൈലിൽ പകർത്തുകയും ഈ ചിത്രം മാധ്യമങ്ങൾ വഴി പുറംലോകത്തെ അറിയിക്കുകയും ചെയ്തപ്പോൾ അവർക്ക് സ്വന്തമായി വീടും ജീവിത സുരക്ഷിത്വത്വം ലഭിക്കാൻ ആ ഒറ്റ ചിത്രം വഴിത്തിരിവായി തീർന്നു.

പലരും കണ്ടിട്ടും കാണാതെ പോകുന്ന ദൃശ്യങ്ങളാണ് മനോജ് എം ജി തന്‍റെ മൊബൈൽ കാമറയിൽ ഒപ്പി എടുക്കുന്നത് . മൊബൈലിൽ പകർത്തിയ അനേകം ചിത്രങ്ങൾ കോർത്തിണക്കി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്.

അവാർഡുകൾക്കൊപ്പം ലഭിക്കുന്ന തുക സംസ്ഥാന സർക്കാരിന്‍റെ റോഡ് സുരക്ഷാ പദ്ധതികൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സംഭാവന നൽകിയും ഇദ്ദേഹം വ്യത്യസ്തനാണ്.

കായംകുളത്ത് സേവനം ചെയ്തപ്പോൾ ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയായ അധ്വാന വിഹിത ജീവകാരുണ്യകൂട്ടായ്മയ്ക്ക് രൂപം നൽകി. ഇതിന്‍റെ രക്ഷാധികാരി എന്ന നിലയിൽ ഒട്ടേറെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.

മാവേലിക്കര ബാറിൽ അഭിഭാഷകയായ സ്മിതയാണ് ഭാര്യ. മക്കൾ: മധുരിമ, തേജസ്

Related posts

പതിവ് വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് പ്രത്യേക മിഷൻ മാർച്ച് 7 മുതൽ

Aswathi Kottiyoor

ഡല്‍ഹിയില്‍ ഭൂചലനം

Aswathi Kottiyoor

ഓണത്തിരക്കൊഴിവാക്കാൻ തലശ്ശേരി നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ

Aswathi Kottiyoor
WordPress Image Lightbox