കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്.എന്‍. ജങ്ഷന്‍ റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറു മണിക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഉദ്ഘാടനം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുക്കും.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് നാളെ വൈകിട്ടെത്തുന്ന പ്രധാനമന്ത്രി മോദി, കൊച്ചി മെട്രോയുടെ അഞ്ചാം റീച്ച് നാടിന് സമര്‍പ്പിക്കും. മുന്‍പ് കൊച്ചി മെട്രോയുടെ ആദ്യ ഘട്ട ഉദ്ഘാടനം നിര്‍വഹിച്ചതും മോദിയായിരുന്നു. അന്ന് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലായിരുന്നു ചടങ്ങുകള്‍. ഇക്കുറി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചടങ്ങുകള്‍.
പേട്ടയില്‍നിന്ന് തൃപ്പൂണിത്തുറ രാജനഗരിയിലേക്ക് കൊച്ചി മെട്രോ നാളെ ഓടിയെത്തും. പേട്ടയില്‍നിന്ന് 1.8 കിലോമീറ്റര്‍ ദൂരമാണ് എസ്.എന്‍. ജങ്ഷനിലേക്കുള്ളത്. ഈ റീച്ചിന്റെ ഉദ്ഘാടനത്തോടെ തൃപ്പൂണിത്തുറ നഗരത്തിലേക്ക് മെട്രോ എത്തുകയാണ്.
നാളെ വൈകിട്ട് നാലരയ്ക്കാണ് മോദി ഡല്‍ഹിയില്‍നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തുക. ശേഷം കാലടി ആദിശങ്കര ക്ഷേത്രത്തിലേക്കു പോകും. ഇവിടെയാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ശേഷം സിയാല്‍ കണ്‍വെന്‍ഷനിലെത്തി കൊച്ചി മെട്രോ അഞ്ചാം റീച്ച്-വിവിധ റെയില്‍വേ പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
ശേഷം രാത്രി താജ് മലബാര്‍ ഹോട്ടലിലേക്ക് പ്രധാനമന്ത്രി മടങ്ങും. രണ്ടാം തീയതി രാവിലെ ഐ.എന്‍.എസ്. വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.