25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലഘു മേഘ വിസ്‌ഫോടനമാണ് കൊച്ചിയെ വെള്ളത്തിലാക്കിയതെന്ന് വിലയിരുത്തൽ
Kerala

ലഘു മേഘ വിസ്‌ഫോടനമാണ് കൊച്ചിയെ വെള്ളത്തിലാക്കിയതെന്ന് വിലയിരുത്തൽ

ലഘു മേഘ വിസ്‌ഫോടനമാണ് കൊച്ചിയെ വെള്ളത്തിലാക്കിയതെന്ന് വിലയിരുത്തൽ. കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രത്യേക ചുറ്റളവിൽ ശക്തമായ ആഘാതമേൽപ്പിക്കുന്ന മഴയെ കേരളം കരുതിയിരിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഏതാനും മണിക്കൂർ മാത്രമാണ് കൊച്ചിയിൽ മഴ കനത്തു പെയ്തത്. ഇതിനകം നഗരത്തിന്റെ പല ഭാഗങ്ങളും വലിയ വെള്ളക്കെട്ടിലായി. ലഘു മേഘ വിസ്‌ഫോടനമാണ് ഇതിനു കാരണമായത്. ഇവ അടുത്ത രണ്ടു-മൂന്ന് ദിവസങ്ങൾ കൂടി ആവർത്തിച്ചേക്കാനാണ് സാധ്യതയെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫറിക് റഡാർ റിസർച്ചിന്റെ ഡയറക്ടർ ഡോ. എസ്. അഭിലാഷ് ചൂണ്ടിക്കാട്ടി.

മേഘ വിസ്‌ഫോടനങ്ങൾ വർധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജും പറഞ്ഞു. എവിടെ വേണമെങ്കിലും ഇവയ്ക്ക് സാധ്യതയുണ്ട്.

മലയോര മേഖലകളിലാണ് മുൻപിത് കൂടുതലായി അനുഭവപ്പെട്ടിരുന്നത്. ഇതിൽ മാറ്റം വന്നുകഴിഞ്ഞു. രണ്ടു മണിക്കൂറിനുള്ളിൽ അഞ്ചു സെന്റിമീറ്ററോ അതിൽക്കൂടുതലോ മഴ ലഭിക്കുന്നതാണ് ലഘു മേഘ വിസ്‌ഫോടനമായി വിലയിരുത്തുന്നത്. ഒരു മണിക്കൂറിൽ പത്ത്‌ സെന്റിമീറ്ററോ അതിൽക്കൂടുതലോ ആണെങ്കിലത് മേഘ വിസ്‌ഫോടനമാകും – അദ്ദേഹം പറഞ്ഞു.

കാരണം

കടലിലെയും കരയിലെയും ചൂട് കൂടുന്നതടക്കമുള്ളവ മേഘ വിസ്‌ഫോടനങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെന്ന് മനോജ് വ്യക്തമാക്കുന്നു. ഇന്ന് അനുഭവപ്പെട്ട ലഘു മേഘ വിസ്‌ഫോടനം ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണുണ്ടായത്. എന്നാൽ ചക്രവാതച്ചുഴിയുടെ സ്വാധീനമില്ലെങ്കിലും മേഘ വിസ്‌ഫോടനമുണ്ടാകാം. ന്യൂനമർദം, ചുഴലിക്കാറ്റ്, ഏതെങ്കിലും ഒരു ഭാഗത്ത് പെട്ടെന്ന് അതിശക്തമായി ചൂടു കൂടുന്നത്, മഴക്കാറ്റ് ശക്തിപ്പെടുന്നത് തുടങ്ങിയവയെല്ലാം മേഘ വിസ്‌ഫോടനങ്ങൾക്ക് കാരണമാകാറുണ്ട്.

പ്രവചനം ശ്രമകരം

മേഘ വിസ്‌ഫോടനങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നത് പലപ്പോഴും സാധ്യമാകാറില്ല. പരമാവധി രണ്ട്‌-മൂന്ന് മണിക്കൂർ മുൻപ് മാത്രമാണ് ഇവയുടെ പ്രവചനം സാധ്യമാകുന്നത്.

പ്രളയം, ഉരുൾപൊട്ടൽ

മേഘ വിസ്‌ഫോടനം മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും വെള്ളക്കെട്ടിനുമെല്ലാം കാരണമാകും. മേഘ വിസ്‌ഫോടനമുണ്ടാകുമ്പോൾ ചില സ്ഥലങ്ങളിൽ അത് പ്രളയത്തിന് സാധ്യതയുണ്ടാക്കാം. ചിലയിടങ്ങളിൽ വെള്ളക്കെട്ട് മാത്രമാകാം.

പണ്ടും ഉണ്ടാകാം

മേഘ വിസ്‌ഫോടനത്തെ സമീപകാല പ്രതിഭാസമെന്ന് പറയാനാകില്ല. വട്ടം ചുറ്റിയ പോലെ ആകാശത്തുനിന്ന് താഴേക്കുവന്ന് പെയ്യുന്നുവെന്നെല്ലാം പണ്ടുകാലത്തുള്ളവർ മഴയെക്കുറിച്ച് പറഞ്ഞിരുന്നു. പകൽ സമയത്ത് പെട്ടെന്ന് രാത്രി പോലെ ഇരുട്ടായി. മേഘങ്ങൾ കൂമ്പാരം കൂട്ടി താഴേക്ക് വരുന്നു എന്നെല്ലാം ഇടുക്കിയിലും മറ്റുമുള്ള പ്രായമായവർ മഴയെക്കുറിച്ച് വിവരിക്കാറുണ്ട്. ശാസ്ത്രീയ സ്ഥിരീകരണമില്ലെങ്കിലും ഇതെല്ലാം ചിലപ്പോൾ മേഘ വിസ്‌ഫോടനം കാരണമായിരിക്കാം.

ജാഗ്രത വേണം ഏതുസമയത്തും

മഴക്കാലത്ത് മേഘ വിസ്‌ഫോടനം കൂടുതലുണ്ടാകുന്നുവെന്നാണ് പഠനങ്ങൾ. എന്നാൽ ഏതു സമയത്തും ഇവയുണ്ടാകാമെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. മാർച്ച്‌ മുതൽ നവംബർ അവസാനം വരെയോ അല്ലെങ്കിൽ ഡിസംബറിന്റെ പകുതി വരെയോ ഇവയുണ്ടാകാം

Related posts

മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മൂ​ഹമാ​ധ്യ​മ ടീ​മി​ന് ഒ​രു വ​ർ​ഷ​ത്തെ ശ​ന്പ​ളം 79.73 ല​ക്ഷം രൂ​പ

Aswathi Kottiyoor

തലശ്ശേരി കുടക് റോഡ് നാഷണൽ ഹൈവേ ആയി ഉയർത്തണം, പൈതൃകനഗരമായ തലശ്ശേരിയെ ടൂറിസം ഹബ്ബ് ആക്കി മാറ്റണം -റെൻസ്ഫെഡ്

Aswathi Kottiyoor

വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് വിലക്കും; അധ്യാപകർക്കും നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox