25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • വാഴയിൽ സെന്റ് ജൂഡ് പാലം തകർന്നു – തകർന്നത് അഞ്ച് പതിറ്റാണ്ട് തികയ്ക്കുന്ന ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച പാലം
Iritty

വാഴയിൽ സെന്റ് ജൂഡ് പാലം തകർന്നു – തകർന്നത് അഞ്ച് പതിറ്റാണ്ട് തികയ്ക്കുന്ന ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച പാലം

ഇരിട്ടി: ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച് അര നൂറ്റാണ്ട് തികക്കാൻ ഒരുങ്ങുന്ന വാഴയിൽ സെന്റ് ജൂഡ് പാലം തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ കുണ്ടൂർ പുഴയിൽ രൂപപ്പെട്ട കുത്തൊഴുക്കിൽ പാലത്തിന്റെ പുഴ മദ്ധ്യത്തിലെ ഒരു തൂൺ താഴ്ന്ന് പോയതാണ് പാലം തകരാൻ ഇടയാക്കിയത്. കാലപ്പഴക്കം മൂലം തൂണുകൾക്കുണ്ടായ ബലക്കുറവും ഇതിന് കാരണമായി.
1973 ൽ നാട്ടുകാരുടെ കൂട്ടായ്മയിലാണ് ഈ ജീപ്പ് പാലം പണിയുന്നത്. ആറളം – അയ്യൻകുന്ന് അവിഭക്ത പഞ്ചായത്ത് നിലവിലുണ്ടായിരുന്ന കാലത്ത് ആണ് അഞ്ച് തൂണിൽ 34 മീറ്റർ നീളവും രണ്ടര മീറ്റർ വീതിയിലുമുള്ള പാലത്തിന്റെ നിർമ്മാണ പ്രവർത്തി നടക്കുന്നത്. കെ.സി. ജോസഫ് കുഴുപ്പള്ളി കൺവീനറും എഞ്ചിനീയർ ചാക്കോ നെല്ലിക്കാമുണ്ടിലിന്റെയും നേതൃത്വത്തിൽ നടന്ന നിർമ്മാണ പ്രവർത്തിക്കായി അന്ന് ആറളം പഞ്ചായത്ത് മൂന്നു തൂണുകൾ നിർമ്മിക്കാനാവശ്യമായ വസ്തുക്കൾക്കുള്ള തുക നൽകി. പ്രദേശവാസി കാരിത്താൽ സിന്ധ്യ 25000 രൂപ നിർമ്മാണച്ചിലവിലേക്കു നൽകി. 550 തോളം പേർ ശ്രമദാനവും ചെയ്തു. അന്ന് പാലത്തിന് ആകെ ചെലവായത് ഒന്നേകാൽ ലക്ഷം രൂപയാണ്.
ആദ്യം നടപ്പാലമായിരുന്നു നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത്. കാരിത്താൽ സിന്ധ്യ 25000 രൂപ നിർമ്മാണച്ചിലവിലേക്കു നൽകിയപ്പോൾ അത് ജീപ്പ് പലമാക്കി വികസിപ്പിക്കുകയായിരുന്നു. അഞ്ച് തൂണുകളിൽ കരയോട് ചേർന്ന രണ്ടു തൂണുകളെക്കൂടാതെ വെള്ളത്തിൽ മൂന്ന് തൂണുകളോടെ നാല് സ്പാനുകളാണ് പാലത്തിനുണ്ടായിരുന്നത്. ഇതിൽ പുഴയിൽ നിൽക്കുന്ന ഒരു തൂൺ ശനിയാഴ്ച രാത്രി 10 മണിയോടെ അമർന്നുപോയതാണ് പാലം തകരാൻ ഇടയാക്കിയിരുന്നത്. പാലം വര്ഷങ്ങളായി അപകടത്തിലായതിനെത്തുടർന്ന് വി.ടി. മാത്തുക്കുട്ടി കണ്വീനറായിട്ടുള്ള കമ്മിറ്റി രണ്ടു പതിറ്റാണ്ടിലേറെയായി പുതിയ പാലത്തിനായി ശ്രമം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ പാലം തകർന്നിരിക്കുന്നു. അയ്യൻകുന്നു പഞ്ചായത്തിലെ ആനപ്പന്തി, മുണ്ടയാം പറമ്പ് തുടങ്ങിയ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പ്രദേശത്തെ അറുനൂറോളം കുടുംബങ്ങൾക്ക് സെന്റ് ജൂഡ് നഗർവഴി പായം പഞ്ചായത്തിലെ വള്ളിത്തോട്ടിൽ എത്തിച്ചേരാൻ ഈ പാലം സഹായിക്കുന്നു. പാലം തകർന്നതോടെ പ്രദേശത്തെ കുന്നോത്ത്, വള്ളിത്തോട്, കിളിയന്തറ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളും കഷ്ടത്തിലാക്കി. 2012 ലെ വെള്ളപ്പൊക്കത്തിൽ ഇതേ പുഴയിൽ ഈ പാലത്തിൽ നിന്നും ഒരു കിലോമീറ്റർ അപ്പുറം സ്ഥിതിചെയ്തിരുന്ന വാഴയിൽ പാലം തകർന്നിരുന്നു. ഈ സമയത്ത് പാലത്തിലുണ്ടായിരുന്ന ഒരു കാറും മോട്ടോർ സൈക്കിളുകളും വെള്ളത്തിൽ വീണെങ്കിലും ഇതിൽ ഉണ്ടായിരുന്നവർ നാട്ടുകാർ രക്ഷിക്കുകയായിരുന്നു.

Related posts

കുന്നോത്ത് ഐ എച്ച് ആർ ഡി കോളേജിൽ ജ്വാല പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

പ്രളയം: നഷ്ടപരിഹാര തുക അപര്യാപ്തം, പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം – താലൂക്ക് വികസന സമിതി.

Aswathi Kottiyoor

ചരമം ; റോസക്കുട്ടി (96)

Aswathi Kottiyoor
WordPress Image Lightbox