കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തിയ വിവാദത്തിൽ അപമാനിക്കപ്പെട്ട വിദ്യാർഥിനികൾക്കായി വീണ്ടും പരീക്ഷ നടത്തും.സെപ്റ്റംബർ നാലിനാണ് പരീക്ഷ. ആയൂർ മാർത്തോമാ കോളേജിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്കാണ് വീണ്ടും അവസരം. കൊല്ലം എസ്.എൻ. സ്കൂളിലാണ് സെപ്റ്റംബർ നാലാം തീയതി ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.20വരെ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
വിവാദ നടപടിയിൽ അന്വേഷണത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ എല്ലാ കുട്ടികൾക്കും പരീക്ഷ എഴുതാൻ സാധിക്കില്ല. നിശ്ചിത സെന്ററിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്ക് മാത്രമാണ് പരീക്ഷ എഴുതാൻ സാധിക്കുക. എന്നാൽ പെൺകുട്ടികളിൽ ആർക്കെങ്കിലും ഈ പരീക്ഷ എഴുതേണ്ടതില്ലെന്നും മുൻ പരീക്ഷയുടെ ഫലം മതി എന്ന് കരുതുകയാണെങ്കിൽ അവർക്ക് പരീക്ഷ എഴുതേണ്ടതില്ല. ആവശ്യമുള്ളവർക്ക് മാത്രം പരീക്ഷ എഴുതിയാൽ മതി എന്ന നിർദ്ദേശമാണ് വന്നിട്ടുള്ളത്.
കേരളത്തിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നു. ഇതേദിവസം തന്നെ ഈ സംസ്ഥാനങ്ങളിലും പരീക്ഷ നടക്കുമെന്നാണ് റിപ്പോർട്ട്.