ചരക്ക് സേവന നികുതി വകുപ്പിന്റെ ആംനസ്റ്റി പദ്ധതി 2022 ലേക്ക് ഓപ്ഷൻ സമർപ്പിക്കുവാനിലുള്ള തീയതി ഓഗസ്റ്റ് 31 ന് അവസാനിക്കും. ചരക്ക് സേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവർദ്ധിത നികുതി, കേന്ദ്ര വിൽപന നികുതി, കാർഷികാദായ നികുതി, പൊതു വിൽപന നികുതി, ആഡംബര നികുതി, സർചാർജ്, എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർക്കാനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചത്. പിഴയിലും പലിശയിലും 100 ശതമാനം ഇളവ് ലഭിക്കും. എന്നാൽ കേരള പൊതു വിൽപന നികുതി നിയമപ്രകാരം 2005 നു ശേഷമുള്ള കുടിശ്ശികക്ക് പിഴ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. കുടിശ്ശിക ഒരുമിച്ച് അടയ്ക്കുന്നവർക്ക് നികുതി കുടിശ്ശികയുടെ 40 ശതമാനവും തവണകളായി അടയ്ക്കുന്നവർക്ക് 30 ശതമാനവും ഇളവ് ലഭിക്കും. കോടതികളിൽ അപ്പീൽ നൽകിയിട്ടുള്ള കേസുകൾക്കും വകുപ്പ്തല അപ്പീൽ നൽകിയിട്ടുള്ള കേസുകൾക്കും ആംനസ്റ്റി ബാധകമാണ്.
വ്യാപാരികളുടെ കുടിശ്ശിക വിവരങ്ങൾ ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്. ഓപ്ഷൻ സമർപ്പിക്കുന്നതിന് നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralataxes.gov.in സന്ദർശിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷൻ കുടിശ്ശികകൾ വാർഷികാടിസ്ഥാനത്തിൽ കണക്കാക്കി ഒരോ വർഷത്തേയ്ക്കും പ്രത്യേകം ഓപ്ഷൻ സമർപ്പിക്കാനും സൗകര്യമുണ്ട്. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന കുടിശ്ശിക വിവരങ്ങൾ ശരിയാണെങ്കിൽ വ്യാപാരികൾക്ക് ഓപ്ഷൻ സമർപ്പിക്കാവുന്നതാണ്. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ തിരുത്തലുകൾ വരുത്തിയതിനു ശേഷം ഓപ്ഷൻ സമർപ്പിക്കാവുന്നതാണ്. പ്രസ്തുത ഓപ്ഷൻ നികുതിനിർണ്ണയ അധികാരി പരിശോധിച്ച് അംഗീകരിച്ച ശേഷം ഓൺലൈനായി കുടിശ്ശിക ഒടുക്കാവുന്നതാണ്.
ആംനസ്റ്റി പദ്ധതി ദീർഘിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചു.