കൊച്ചി: ലൈംഗികപീഡന കേസില്‍ സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വിധിയിലെ വിവാദ പരാമര്‍ശങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വിവാദ പരാമര്‍ശങ്ങള്‍ നീക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.
ജാമ്യം അനുവദിച്ചതിലല്ല മറിച്ച് കോടതിയുടെ പരാമര്‍ശങ്ങളാണ് അപ്പീല്‍ നല്‍കാനുള്ള കാരണം. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായ പരാമര്‍ശമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ഇന്ന് തന്നെ ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു കോടതി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ കേസ് തന്നെ നിലനില്‍ക്കില്ലെന്നാണ് സെഷന്‍സ് കോടതി സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞത്. ഇത് നിയമപരമായി ഒരുതരത്തിലും സാധൂകരിക്കാനാകുന്നതല്ലെന്ന നിലപാടാണ് സര്‍ക്കാരിന്.
തുടര്‍ന്നാണ് സെഷന്‍സ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.തിങ്കളാഴ്ച ഈ കേസ് കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരിക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.