നെടുമ്പാശേരി: കോവളം-ബേക്കൽ ജലപാത ആദ്യഘട്ടം ഒക്ടോബറിൽ പൂർത്തിയാക്കുമെന്നു സിയാൽ എംഡി എസ്. സുഹാസ് അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 12 ഘട്ടങ്ങളായി തിരിച്ചാണ് പ്രവൃത്തികൾ നടക്കുന്നത്.
ആദ്യഘട്ടത്തിൽ ചിലക്കൂർ മുതൽ കഠിനംകുളം വരെയുള്ള 35 കിലോമീറ്ററാണ് പ്രവർത്തന സജ്ജമാക്കുന്നത്. ഇലക്ട്രിക് ബോട്ടുകളാണ് സർവീസിനായി ഉപയോഗിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് എംഡി പറഞ്ഞു. സംസ്ഥാന സർക്കാരും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി രൂപീകരിച്ചിട്ടുള്ള കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
സംസ്ഥാനത്തിന്റെ തെക്കേ അറ്റമായ കോവളം മുതൽ വടക്കേ അറ്റമായ ബേക്കൽ വരെ 610 കിലോമീറ്റർ നീളമുള്ള ജലപാതയാണ് ഒരുങ്ങുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ പുത്തൻ ഉണർവും ചരക്ക് ഗതാഗതം സുഗമമാക്കാനുള്ള സാഹചര്യവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.