കൊച്ചി: കേവലം രണ്ടാഴ്ച മാത്രം പരിചയമുള്ള 22-കാരനെ അതിഥിയായെത്തിയ യുവാവ് കൊലപ്പെടുത്തിയതെന്തിന്? പോലീസിന്റെ അന്വേഷണം ചെന്നെത്തിയത് ലഹരി വ്യാപാര തര്‍ക്കത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്. കൊല്ലപ്പെട്ട സജീവും പിടിയിലായ സുഹൃത്ത് അര്‍ഷാദും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചതായി അന്വേഷക സംഘം സംശയിക്കുന്നു. അര്‍ഷാദിനെതിരേ കൊണ്ടോട്ടിയില്‍ മോഷണക്കേസുമുണ്ട്.
സജീവും സംഘവും താമസിച്ചിരുന്ന ഫ്‌ളാറ്റിലെ സ്ഥിരം താമസക്കാരനായിരുന്നില്ല അര്‍ഷാദ്. ഇരുപതാം നിലയില്‍ താമസിച്ചിരുന്ന ആദിഷിന്റെ സുഹൃത്തായിരുന്നു ഇയാള്‍. ആദിഷിന്റെ ഭാര്യ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി അര്‍ഷാദ് സജീവിന്റെ മുറിയിലായിരുന്നു താമസം. സജീവ് താമസിച്ചിരുന്ന മുറിയില്‍ മദ്യപാനം നടക്കുന്നതായി മറ്റ് ഫ്‌ലാറ്റ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്‌ളാറ്റിന്റെ കെയര്‍ടേക്കര്‍ ജലീല്‍ ഇവരോട് മുറി ഒഴിയാന്‍ ആവശ്യപ്പെട്ടു. മുറി മാറാന്‍ ഇവര്‍ ഒരാഴ്ച സമയം ചോദിച്ചിരുന്നതായും ജലീല്‍ പറഞ്ഞു.
ഫ്‌ളാറ്റില്‍ നേരത്തേ മുതല്‍ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നതായും എന്നാല്‍ ആരും പോലീസിനെ അറിയിച്ചില്ലെന്നും സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ഫ്‌ളാറ്റുകളില്‍ സി.സി.ടി.വി. സ്ഥാപിക്കണമെന്നും അജ്ഞാതര്‍ വന്നാല്‍ അറിയിക്കണമെന്നുമുള്ള നിര്‍ദേശം കൊലപാതകം നടന്ന കാക്കനാട്ടെ ഫ്‌ളാറ്റില്‍ പാലിച്ചില്ലെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. പോലീസ് പരിശോധനയില്‍ ഫ്‌ളാറ്റില്‍നിന്ന് ലഹരി മരുന്ന് ലഭിച്ചില്ല.പക്ഷേ, ലഹരി ഉപയോഗിച്ചതിന്റെ തെളിവുകള്‍ പോലീസിനു കിട്ടി.
സജീവിന്റെ ശരീരത്തില്‍ 25-ലേറെ പരിക്കുകള്‍
കൊല്ലപ്പെട്ട സജീവിന്റെ ശരീരത്തില്‍ ഇരുപതിലേറെ പരിക്കുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നും കണ്ടെത്തി. അടുക്കളയില്‍ ഉപയോഗിക്കുന്ന തരം കത്തി കൊണ്ടാണ് കുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കത്തികൊണ്ട് തലയിലും നെഞ്ചിലും കഴുത്തിലും ഉണ്ടായ മുറിവാണ് മരണ കാരണം. ശരീരമാസകലം കുത്തേറ്റ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു. തലയിലും കഴുത്തിലുമടക്കം 25- ലേറെ മുറിവുകളുണ്ട്. പുറത്തും അഞ്ചിലേറെ തവണ കുത്തിയിട്ടുണ്ട്. ഇടച്ചിറയിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ചയാണ് സജീവ് കൃഷ്ണനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സജീവ് ഉള്‍പ്പെടെ അഞ്ചു യുവാക്കള്‍ വാടകയ്ക്ക് താമസിച്ചിരുന്ന 16-ാം നിലയിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയോടു ചേര്‍ന്ന ഡക്ടില്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേര്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. സുഹൃത്തുക്കളുടെ വിശദമായ മൊഴി രേഖപ്പെടുത്തും. അതിനിടെ അര്‍ഷാദിന്റെ കൈവശം ലഹരി കണ്ടെത്തിയതിനാല്‍ അതിനും കേസ് ഉണ്ടാകും. ഇതേത്തുടര്‍ന്ന് ഇയാളെ വ്യാഴാഴ്ചയേ കാസര്‍കോട്ടുനിന്ന് കൊച്ചിയിലെത്തിക്കൂ. ഇതിനുശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യല്‍.
പ്രതികള്‍ കാസര്‍കോട്ട് പിടിയില്‍.
കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കോലാരിക്കണ്ടി കെ.കെ. അര്‍ഷാദ് (27) അതിര്‍ത്തി കടക്കാനിരിക്കെയാണ് മഞ്ചേശ്വരത്ത് പിടിയിലായത്. ഇയാളുടെ ഇരുചക്രവാഹനത്തില്‍നിന്ന് 1.56 കിലോ കഞ്ചാവും 5.20 ഗ്രാം എം.ഡി.എം.എ.യും 104 ഗ്രാം ഹാഷിഷും കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന ഇരിങ്ങലിലെ കുന്നുമ്മല്‍ ഹൗസില്‍ കെ. അശ്വന്തിനെയും (23) അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച കാസര്‍കോട് ഡിവൈ.എസ്.പി. വി.വി. മനോജിന്റെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് എസ്.ഐ. എന്‍. അന്‍സാറും സംഘവുമാണ് ഇയാളെ പിടിച്ചത്.
കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്സോണിയ ഫ്‌ളാറ്റില്‍ പതിനാറാം നിലയിലാണ് സജീവ് കൃഷ്ണയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സജീവിനൊപ്പമുണ്ടായിരുന്ന അര്‍ഷാദിനെ പോലീസ് അന്വേഷിക്കുകയായിരുന്നു. ഫ്‌ളാറ്റില്‍ സജീവും അര്‍ഷാദും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വിനോദയാത്രയ്ക്ക് പോയ മൂന്നുപേര്‍ തിങ്കളാഴ്ച തിരിച്ചുവന്നപ്പോള്‍ വാതില്‍ തുറന്നില്ല.
സജീവിനെയും അര്‍ഷാദിനെയും ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച കൂട്ടുകാര്‍ ചൊവ്വാഴ്ച ഉച്ചയോടെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഫ്‌ളാറ്റ് തുറന്നപ്പോഴാണ് പ്ലാസ്റ്റിക് സഞ്ചിയും കിടക്കവിരിയും കൊണ്ട് പൊതിഞ്ഞനിലയില്‍ സജീവിന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം. ജിഷയാണ് സജീവിന്റെ അമ്മ. രാജീവ് സഹോദരനാണ്.