കൊച്ചി: കിഫ്ബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിന് സ്റ്റേ ഇല്ല. കിഫ്ബിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍, കിഫ്ബിയുടെ ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ ഇഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അടുത്തമാസം രണ്ടിലേക്ക് കേസ് കോടതി മാറ്റി.
അന്വേഷണത്തിന് സ്‌റ്റേ വേണമെന്ന ആവശ്യമാണ് കിഫ്ബിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. എന്നാല്‍ തല്‍ക്കാലത്തേക്ക് അന്വേഷണം സ്‌റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ഇടക്കാല ഉത്തരവില്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ അറിയിച്ചു. അതേസമയം ഇഡിയോട് കിഫ്ബിയുടെ ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.
മസാല ബോണ്ട് ഇറക്കിയിരിക്കുന്നത് റിസര്‍ ബാങ്കിന്റെ അനുമതിയോടെയാണ് എന്നതാണ് കിഫ്ബി ഹൈക്കോടതിയില്‍ ഉന്നയിച്ച പ്രധാന വാദം. എല്ലാ മാസവും ഇതിന്റെ കൃത്യമായ കണക്കുകള്‍ റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ അറിവോടെയാണ് വിദേശപണം കിഫ്ബിക്ക് ലഭിക്കുന്നത്. അതുകൊണ്ട് ഇതില്‍ ഫെമ ലംഘനം ആരോപിക്കാന്‍ കഴിയില്ല. ഫെമ ലംഘനത്തിന് കേസ് എടുക്കണമെങ്കില്‍ കൃത്യമായ പരാതി വേണമെന്നും അതില്‍ ഇടപെടല്‍ നടത്തേണ്ടത് റിസര്‍ബാങ്ക് ആണെന്നുംകിഫ്ബി വാദിച്ചു.
ദേശീയപാത അതോറിറ്റിയും എന്‍ടിപിസിയും സമാനമായ രീതിയില്‍ മാസാല ബോണ്ട് ഇറക്കിയിട്ടുണ്ടെന്നും കിഫ്ബി കോടതിയില്‍ ചൂണ്ടിക്കാണിച്ചു. കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാനും അതിന്മേല്‍ കരിനിഴല്‍ വീഴ്ത്താനുമുള്ള നീക്കമാണ് ഇഡി നടത്തുന്നത്. ഇത് നിയമപരമായി തടയണമെന്ന ആവശ്യമാണ് കിഫ്ബി കോടതിയില്‍ ഉന്നയിച്ചത്.
റിസര്‍വ് ബാങ്കിന്റെ പരാതിയുടേയോ മറ്റ് പരാധികളുടേയോ അടിസ്ഥാനത്തിലല്ല, സി ആന്‍ഡ് എജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് ഇഡി വ്യക്തമാക്കി. ചില സംശയങ്ങള്‍ സി ആന്‍ഡ് എജി ഉന്നയിച്ചിട്ടുണ്ട്. അതിലെ വസ്തുത പരിശോധനയാണ് നടക്കുന്നത്. അത് തടയരുതെന്ന ആവശ്യവും ഇഡി കോടതിയില്‍ ഉന്നയിച്ചു.