ഇരിട്ടി : മുഴക്കുന്ന് മൃദംഗ ശൈലേശ്വരിക്ക് മുന്നിൽ നാദവിസ്മയം തീർത്ത് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിയും സംഘവും. ചെണ്ടയിൽ ഇടന്തലയിലും വലന്തലയിലും കൊട്ടിക്കയറി ഇലത്താളവും കൊമ്പും കുഴലും രണ്ടു മണിക്കൂറോളം തീർത്ത നാദവിസ്മയത്തിൽ കാണികളും കേൾവിക്കാരുമായി എത്തിയ ജനങ്ങൾ അക്ഷരാർത്ഥത്തിൽ മതി മറക്കുകയായിരുന്നു.
ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന കഥകളി മഹോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു മൃദംഗ ശൈലേശ്വരീ ക്ഷേത്രമുറ്റത്ത് ശങ്കരൻ കുട്ടി മാരാരും 101 പേർ അടങ്ങുന്ന സംഘവും ഞായറാഴ്ച സന്ധ്യയോടെ പാണ്ടിമേളം അവതരിപ്പിച്ചത്. ഇടന്തലയിൽ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടേയും കടന്നപ്പള്ളി ശങ്കരൻ കുട്ടിമാരാരുടെയും നേതൃത്വത്തിലുള്ള സംഘം അണി നിരന്നപ്പോൾ വലന്തലയിൽ വെള്ളിനേഴി രാംകുമാർ, കൊട്ടാരം ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാണ്ടി മേളത്തിൽ അണിനിരന്നത്. മട്ടന്നൂർ അജിത് കുമാറിന്റെയും ഇരിങ്ങാലക്കുട വിഷ്ണുവിന്റെയും നേതൃത്വത്തിൽ ഇലത്താളം ഒരുക്കിയപ്പോൾ വരവൂർ മണികണ്ഠനും സംഘവും കൊമ്പും പനമണ്ണ മനോഹരനും സംഘവും കുഴലുമായി അണിനിരന്നു. മേഖലയിൽ ആദ്യമായി ഒരുക്കിയ 101 പേര് അണിനിരന്ന പാണ്ടിമേളം കാണാൻ നൂറുകണക്കിന് ജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.
previous post