കണ്ണൂർ: തളിപ്പറമ്പ് സ്വദേശി ഇസ്ഹാഖിനെ (34) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. ചാലാട് സ്വദേശി മഠത്തിൽ വളപ്പിൽ ഹൗസിൽ എം വി നൗഷാദ് (42)നെയാണ് കണ്ണൂർ ടൗൺ സർക്കിൾ ഇൻസ്പെക്ടർ പി എ ബിനു മോഹൻ അറസ്റ്റ് ചെയ്തത്. ഇസ്ഹാഖിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് പ്രതിയെ ചാലാട് മണലിൽ നിന്ന് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇസ്ഹാഖിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച കണ്ണൂർ പഴയ സ്റ്റാൻഡിൽ വെച്ച് ഇസ്ഹാഖും പ്രതിയും തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇസ്ഹാഖിന് തലക്ക് അടിയേറ്റതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അടിപിടി ഉണ്ടായ സ്ഥലത്ത് വെച്ചു തന്നെ ഇസ്ഹാഖ് കുഴഞ്ഞ് വീണു.
പിന്നീട് വീട്ടിലേക്ക് ബസ് കയറി പോയി. തളിപ്പറമ്പ് ചിറവക്കിലെ രാജരാജേശ്വര ക്ഷേത്ര പരിസരത്ത് ഒരു കടയുടെ സമീപത്ത് ഇസ്ഹാഖ് വീണ്ടും കുഴഞ്ഞുവീണു. ബന്ധുക്കൾ ചേർന്നാണ് ഇസഹാഖിനെ വീട്ടിൽ എത്തിച്ചത്. പിറ്റേദിവസം രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടികാട്ടി കുടുംബം തളിപ്പറമ്പ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിലാണ് വാക്കേറ്റം നടന്ന സംഭവവും മർദനമേറ്റ വിവരവും മനസിലാക്കാൻ സാധിച്ചത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, കൊച്ചിയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. വരാപ്പുഴ സ്വദേശി ശ്യാമാണ് കൊല്ലപ്പെട്ടത്. എറണാകുളം സ്വദേശികളായ ഫർഷാദ്, സുധീർ , തോമസ് എന്നിവരാണ് അറസ്റ്റിലായത്. പുലർച്ചെ രണ്ട് മണിക്ക് എറണാകുളം സൗത്തിന് സമീപം കളത്തിപ്പറമ്പ് റോഡില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് ശ്യാം കൊല്ലപ്പെടുന്നത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു ട്രാൻസ്ജെൻഡറിനെ 3 സംഘങ്ങള്‍ സമീപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.