മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്ദേ നേതൃത്വം നല്‍കുന്ന മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി. ആഭ്യന്തരവും ധനവകുപ്പുമുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകള്‍ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് കൈകാര്യം ചെയ്യും. നഗരവികസനവും പൊതുമരാമത്തുമാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ കൈകാര്യം ചെയ്യുക. ഒരുമാസം മുന്‍പാണ് മഹാവികാസ് അഘാടി സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേന വിമതവിഭാഗവും ബിജെപിയും ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.
പുതിയ സര്‍ക്കാരില്‍ ഏക്‌നാഥ് ഷിന്ദേ മുഖ്യമന്ത്രിയായത് ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വകുപ്പ് വിഭജനം പൂര്‍ത്തിയാകുമ്പോള്‍ ഈ ഞെട്ടല്‍ മാറുകയാണ്. മുഖ്യമന്ത്രിയെന്ന രീതിയില്‍ പൊതുഭരണത്തിന് പുറമേ താരതമേന്യേ പ്രാധാന്യം കുറഞ്ഞ വകുപ്പുകളാണ് ഷിന്ദേയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ മാസം ഒന്‍പതിനാണ് മന്ത്രിസഭയുടെ വികസനം നടന്നത്. അതിന് ശേഷമാണ് ഇപ്പോള്‍ വകുപ്പുകള്‍ വിഭജിച്ചത്.മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉള്‍പ്പെടെ 20 അംഗങ്ങാണ് മന്ത്രിസഭയിലുള്ളത്. ആഭ്യന്തരം, ധനം എന്നിവയ്ക്ക് പുറമേ വനം, ഉന്നത വിദ്യാഭ്യാസം, റവന്യു തുടങ്ങിയ പ്രധാന വകുപ്പുകളും ബിജെപിക്കാണ്. വിദ്യാഭ്യാസം, കൃഷി, എക്‌സൈസ് തുടങ്ങിയ വകുപ്പുകള്‍ ഷിന്ദേ ക്യാമ്പിലെ മന്ത്രിമാര്‍ കൈകാര്യം ചെയ്യും. മന്ത്രിസഭയില്‍ പത്ത് ബിജെപി അംഗങ്ങളും പത്ത് ഷിന്ദേ വിഭാഗം അംഗങ്ങളുമാണുള്ളത്.