കണ്ണൂര്‍: മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ ഇന്നുമുതല്‍ സെപ്റ്റംബർ 16 വരെ യാനം എന്നപേരില്‍ കഥകളി മഹോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി 34 ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തില്‍ കേരളത്തിലെ പ്രശസ്തരും അല്ലാത്തവരുമായ മുഴുവന്‍ കഥകളി കലാകാരന്മാരും പങ്കെടുക്കും. ആയിരത്തിലേറെ കലാകാരന്മാര് അണിനിരക്കും. ഇന്നു രാവിലെ പത്തിന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
കഥകളിയില്‍ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ യാനം പോര്‍ക്കലി പുരസ്കാരം പത്മശ്രീ കലാമണ്ഡലം ഗോപിക്കും കോട്ടയത്ത് തമ്പുരാന് സമൃതി മൃദംഗശൈലേശ്വരി പുരസ്കാരം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്കും ചടങ്ങില്‍ സമ്മാനിക്കും. അടുത്ത മാസം 16ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ രേണുക രവിവര്‍മ്മ, കലാമണ്ഡലം മനോജ്, എം.മനോഹരന്, എന്‍.പങ്കജാക്ഷന്, ജിഷ്ണു കെ.മനോജ്, കോട്ടക്കല്‍ പ്രദീപ്, രാജന് കാരിമൂല എന്നിവര്‍ പങ്കെടുത്തു.