തലശ്ശേരി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ജയിലുകളിൽ ദീർഘകാലമായി തടവിൽ കഴിഞ്ഞ ഒമ്പത് വിചാരണ തടവുകാർക്ക് മോചനം. മൂന്ന് പ്രതികളുടെ കേസിൽ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. മോചനം ലഭിച്ചവരിൽ ഒരാളുടെ കേസ് കഴിഞ്ഞ ദിവസം കോടതി പരിഗണിച്ച് ശിക്ഷിച്ചു.
ശിക്ഷാകാലാവധിയെക്കാൾ കൂടുതൽ വർഷം ജയിൽ ശിക്ഷ അനുഭവിച്ച തായി കണ്ടെത്തി. അതോടെ വിട്ടയച്ചു. രണ്ട് തടവുകാർ കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തിയാണ് വെറുതെ വിട്ടത്. ജില്ലയിലെ ആറ് ജയിലുകളിലെ 65 തടവുകാരുടെ മോചനം ആണ് ജില്ലാതല സമിതി ആദ്യഘട്ടത്തിൽ പരിഗണിച്ചത്.
കേസുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ജഡ്ജി ഉൾപ്പെട്ട സമിതി 17 തടവുകാരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു. ജയിലിൽ നിന്നുള്ള അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ഒരു തടവുകാരനെ മോചിപ്പിക്കുന്നത് ഒഴിവാക്കി. ബാക്കി 16 തടവുകാരെ മോചിപ്പിക്കാൻ നടപടി സ്വീകരിച്ചു.
കണ്ണൂർ സെൻട്രൽ ജയിൽ, ജില്ലാ ജയിൽ, കണ്ണൂർ സബ്ജയിൽ, കണ്ണൂർ തലശ്ശേരി സ്പെഷ്യൽ ജയിലുകൾ, കണ്ണൂർ വനിതാ ജയിൽ എന്നിവിടെയുള്ള തടവുകാരെ ആണ് മോചനത്തിന് പരിഗണിച്ചത്. വനിത ജയിലിൽ ഒരു പ്രതിയുടെ കേസ് ആണ് ആദ്യഘട്ടത്തിൽ കമ്മിറ്റി മുൻപാകെ പരിഗണനയ്ക്ക് വന്നത്. അത് കൂടത്തായി കൊലക്കേസ് പ്രതിയുടെ കേസാണ്. ഇത് കോഴിക്കോട് ജില്ലയിൽ നടന്ന സംഭവമായതിനാൽ മോചനത്തിന് പരിഗണിച്ചില്ല. ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, റൂറൽ പോലീസ് മേധാവി പി.ബി രാജീവ്, സബ്കളക്ടർ അനു കുമാരി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി വിൻസി ആൻ. പീറ്റർ, ജില്ലാ ഗവ. പ്ലീഡർ കെ അജിത്ത് കുമാർ, ജില്ലയിലെ ആറ് ജയിൽ സൂപ്രണ്ടുമാർ എന്നിവരുൾപ്പെട്ട സമിതിയാണ് ഇത് സംബന്ധിച്ച് പരിശോധന നടത്തിയത്.