• Home
  • Lakshadweep
  • പഴങ്ങളും ഡ്രൈഫ്രൂട്ട്‌സും നൽകാനാണ് സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയത്: ലക്ഷദ്വീപ് ഭരണകൂടം.
Lakshadweep

പഴങ്ങളും ഡ്രൈഫ്രൂട്ട്‌സും നൽകാനാണ് സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയത്: ലക്ഷദ്വീപ് ഭരണകൂടം.

ലക്ഷദ്വീപ്: കുട്ടികൾക്ക് പഴങ്ങളും, ഡ്രൈ ഫ്രൂട്ട്‌സും നൽകാനാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽനിന്ന് ബീഫും ചിക്കനും ഉൾപ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതെന്ന് ലക്ഷദ്വീപ് ഭരണകൂടം. മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും ദ്വീപിൽ ബുദ്ധിമുട്ടാണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. കടുത്ത സാമ്പത്തിക നഷ്ടമായതിനാൽ ആണ് കവരത്തി, മിനിക്കോയ് എന്നീ ദ്വീപുകളിലെ ഡയറി ഫാമുകൾ അടച്ച് പൂട്ടിയതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.കുട്ടികളുടെ വളർച്ചയ്ക്കും, വികസനത്തിനും ആവശ്യമായ പോഷകാഹാരം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളുടെ ഉച്ച ഭക്ഷണ മെനുവിൽ പരിഷ്കരണം കൊണ്ട് വന്നത്. അതും വിശാലമായ കൂടി ആലോചനകൾക്ക് ശേഷം. മെനുവിൽ മീൻ, മുട്ട, മാംസം എന്നിവ ഉൾപെടുത്താൻ വിദഗ്‌ദ്ധർ നിർദേശിച്ചിരുന്നു. ഇതിനോട് ഒപ്പം നേരത്തെ മെനുവിൽ ഇല്ലാതായിരുന്ന പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും ഉൾപ്പെടുത്താനും വിദഗ്ദ്ധർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് മെനുവിൽ പരിഷ്കരണം കൊണ്ടുവന്നത്. പഴങ്ങളും, ഡ്രൈ ഫ്രൂട്ട്‌സും ഉൾപെടുത്തിയപ്പോൾ ചിക്കനും മറ്റ് മാംസാഹാരങ്ങളും ഒഴിവാക്കുക ആയിരുന്നുവെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ലക്ഷദ്വീപിലെ മിക്ക വീടുകളിലും ചിക്കൻ ഉൾപ്പടെയുള്ള മാംസാഹാരങ്ങൾ ദൈനംദിനം ഉപയോഗിക്കുന്നുണ്ട്. എന്നാൽ പഴങ്ങളും, ഡ്രൈ ഫ്രൂട്സും ഉപയോഗിക്കുന്നത് കുറവാണ്. കുട്ടികളെ സ്‌കൂളിൽ പോകാൻ പ്രേരിപ്പിക്കുന്നതിന് കൂടിയാണ് മെനു പരിഷ്കരണം നടത്തിയത്. മുമ്പുണ്ടായിരുന്ന മെനുവിൽ ചിക്കൻ ഉൾപ്പടെയുള്ള മാംസാഹാരങ്ങൾ ഉണ്ടായിരുന്നു എങ്കിലും പലപ്പോഴും അവ ലഭ്യമല്ലാത്തതിനാൽ നൽകിയിരുന്നില്ല. എന്നാൽ മീൻ, മുട്ട, പഴങ്ങൾ, ഡ്രൈ ഫ്രൂട്സ് എന്നിവ ദ്വീപിൽ മുടക്കമില്ലാതെ നൽകാൻ ലഭ്യമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് സന്നദ്ധ സംഘടനയ്ക്ക് കൈമാറാൻ ആലോചിക്കുന്നില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാംസാഹാരം ഒഴിവാക്കാൻ തീരുമാനമെടുത്ത യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ പങ്കെടുത്തിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.കവരത്തി, മിനിക്കോയ് ദ്വീപുകളിലുള്ള ഡയറി ഫാമുകൾ അടച്ച് പൂട്ടിയത് കനത്ത നഷ്ടം കാരണം. ചെലവാക്കുന്ന പണത്തിന്റെ നാലിൽ ഒന്ന് വരുമാനമായി ലഭിക്കുന്നില്ല. ദ്വീപിലുള്ള ഇരുപത്തിനായിരത്തിൽ അധികം ആളുകളിൽ മുന്നൂറ് മുതൽ നാനൂറ് പേരുടെ ആവശ്യങ്ങൾക്ക് മാത്രമേ ഡയറി ഫാം ഉപകരിച്ചിരുന്നുള്ളു. ഖജനാവിന് വൻ നഷ്ടം ഉണ്ടാകുന്ന സാമ്പത്തികമായ പ്രവർത്തികൾ അവസാനിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ട്. ഡയറി ഫാം അടച്ച് പൂട്ടാനുള്ള തീരുമാനത്തിന് നിർദിഷ്ട മൃഗ സംരക്ഷണ നിയന്ത്രണങ്ങളുമായി ബന്ധമില്ല. ഫാമുകൾ അടച്ച് പൂട്ടി പശുക്കളെ വിവിധ പശു സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനാൽ ഇനി തുറക്കാൻ ആകില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കവരത്തി നിവാസിയായ അജ്മൽ അഹമ്മദ് നൽകിയ ഹർജിയിൽ ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിൽ ഉള്ള സുപ്രീം കോടതി ബെഞ്ച് കേന്ദ്ര സർക്കാരിനും, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനും, ദ്വീപ് ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനാണ് പ്രഫുൽ ഖോഡ പട്ടേലും, ദ്വീപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും ഒറ്റ സത്യവാങ്മൂലത്തിലൂടെ മറുപടി നൽകിയിരിക്കുന്നത്. സുപ്രീം കോടതി പുറപ്പടിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ താത്കാലികമായി ഭരണകൂടം പുനഃസ്ഥാപിച്ചിരുന്നു.

WordPress Image Lightbox