കണ്ണൂർ: സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച് വിപണനവും ഉപഭോഗവും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഇറച്ചിക്ക് ആവശ്യമായ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. കണിച്ചാര്‍ ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് കൊന്നൊടുക്കിയ പന്നികളുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പന്നിപ്പനി മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരില്ല. പന്നികളില്‍ മാത്രമാണ് രോഗം പകരുക. എങ്കിലും ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാനാണ് പന്നികളെ ഏറ്റെടുക്കുന്നത്. പന്നിപ്പനി ബാധിച്ച ഇടങ്ങളില്‍നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ മൂന്നു മാസം കഴിഞ്ഞ് രോഗമില്ലെന്ന് സ്ഥിരീകരിച്ചാല്‍ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ചെറിയ പലിശനിരക്കില്‍ വായ്പ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. സര്‍ക്കാര്‍ നടത്തിയ അടിയന്തര നടപടികളാണ് പന്നിപ്പനി പടരുന്നത് തടഞ്ഞത്.
ക്ഷീര കര്‍ഷകരെ സഹായിക്കാനായി സംഘങ്ങളില്‍ നല്കുന്ന ഒരു ലിറ്റര്‍ പാലിന് നാല് രൂപ നിരക്കിൽ ക്ഷീര കര്‍ഷകര്‍ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം നടക്കുമെന്നും മന്ത്രി ചിഞ്ചു റാണി അറിയിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ 247 പന്നികളെയായിരുന്നു രോഗം മൂലം കൊന്നൊടുക്കിയത്.
കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വിന്നി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയർ ടി.ഒ.മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു.പി. ശോഭ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി തോമസ്, കോർപറേഷൻ കൗൺസിലർ പി.കെ. അൻവർ, കണിച്ചാർ പഞ്ചായത്തംഗം തോമസ് വടശേരി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബി. അജിത് ബാബു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഒ.എം. അജിത എന്നിവർ പ്രസംഗിച്ചു.