24 C
Iritty, IN
July 5, 2024
  • Home
  • kannur
  • ഭിന്നശേഷിക്കാരിലെ നൈപുണ്യ വികസനം മികച്ച നേട്ടമാകും: കലക്ടർ
kannur

ഭിന്നശേഷിക്കാരിലെ നൈപുണ്യ വികസനം മികച്ച നേട്ടമാകും: കലക്ടർ

നാഷണൽ ട്രസ്റ്റ് ശിൽപശാല സംഘടിപ്പിച്ചു

ഭിന്നശേഷിക്കാരിൽ നൈപുണ്യ വികസനം സാധ്യമാക്കുന്നത് മികച്ച നേട്ടത്തിനു വഴിവെക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. നാഷണൽ ട്രസ്റ്റിന്റെ കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിലെ ലോക്കൽ ലെവൽ കമ്മിറ്റികൾക്ക് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗങ്ങളും ഉൾക്കൊണ്ടുള്ള മുന്നേറ്റമാണ് സമൂഹത്തിൽ ഉണ്ടാകേണ്ടത്. ഭിന്നശേഷിക്കാരെയും മറ്റ് ശാരീരിക അവശതകൾ അനുഭവിക്കുന്നവരെയും സംരക്ഷിക്കേണ്ട കടമ സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം എന്നിവയുള്ള പ്രായപൂർത്തിയായവരുടെയും അത്യാവശ്യ ഘട്ടങ്ങളിൽ 18 വയസ്സിൽ താഴെയുള്ളവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് 1999ൽ നാഷണൽ ട്രസ്റ്റ് ആക്ടിന് രൂപം നൽകിയത്. ഇതു പ്രകാരമാണ് ജില്ലാ കലക്ടർ അധ്യക്ഷനായ ലോക്കൽ ലെവൽ കമ്മിറ്റി (എൽ എൽ സി) ജില്ലകളിൽ പ്രവർത്തിക്കുന്നത്. നാഷണൽ ട്രസ്റ്റിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർക്കുള്ള നിയമപരമായ രക്ഷകർത്താവിനെ തീരുമാനിക്കുക, അവരുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നിവയാണ് എൽ എൽ സികളുടെ ചുമതല.

ജില്ലാ കലക്ടർക്കാണ് രക്ഷകർതൃത്വ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകേണ്ടത്. അപേക്ഷ വെള്ളക്കടലാസിൽ എഴുതിയും നാഷണൽ ട്രസ്റ്റിന്റെ വെബ്സൈറ്റിലൂടെയും സമർപ്പിക്കാം. നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരം മാനസിക വൈകല്യമുള്ള അംഗത്തിന് വേണ്ടി മാതാപിതാക്കൾക്ക് സംയുക്തമായി അപേക്ഷ നൽകാം. മാതാപിതാക്കളിൽ ഒരാൾ മരിക്കുകയോ നിയമപരമായി വേർപെടുകയോ ഉപേക്ഷിച്ച് പോവുകയോ തടവിലാകുകയോ ചെയ്താൽ മറ്റൊരാൾക്ക് തനിച്ച് അപേക്ഷിക്കാം. മാതാപിതാക്കൾ മരിച്ചു പോവുകയോ ഉപേക്ഷിക്കുകയോ ചെയ്ത സന്ദർഭങ്ങളിൽ സഹോദരങ്ങൾക്ക് (അർധ സഹോദരങ്ങൾക്കും) സംയുക്തമായോ ഒറ്റക്കോ അപേക്ഷ സമർപ്പിക്കാം. മുകളിൽ പറഞ്ഞ രണ്ട് വിഭാഗങ്ങളിലും പെട്ട അപേക്ഷകർ ഇല്ലെങ്കിൽ രക്തബന്ധുവിനോ അതും ഇല്ലാത്ത സന്ദർഭത്തിൽ ഒരു രജിസ്റ്റേർഡ് സംഘടനക്കോ അപേക്ഷ നൽകാം.

അപേക്ഷകന്റെയും നിയമപരമായ രക്ഷകർത്താവായി നിയമിക്കപ്പെടേണ്ട വ്യക്തിയുടെയും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തിയുടെയും ആധാർ കാർഡ്, വികലാംഗ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തിയും നിയമപരമായ രക്ഷകർത്താവായി നിയമിക്കപ്പെടേണ്ട വ്യക്തിയും ഒരുമിച്ചുള്ള പാസ്സ്പോർട്ട് സൈസ് ഫോട്ടോ, നിയമപരമായ രക്ഷകർത്താവിന്റെ സമ്മതപത്രം. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തിക്ക് അവകാശപ്പെട്ട വസ്തുവകകളുടെ കരം അടച്ച രസീതിന്റെ പകർപ്പ് എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്.

കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലെ സാമൂഹ്യ നീതി ഓഫീസർമാർ, എൽ എൽ സി കൺവീനർമാർ, എൻ ജി ഒ, പിഡബ്ല്യുഡി അംഗങ്ങൾ തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുത്തു. സ്റ്റേറ്റ് നോഡൽ ഏജൻസി സെന്റർ ചെയർമാൻ ഡി ജേക്കബ് അധ്യക്ഷനായി. എഡിഎം കെ കെ ദിവാകരൻ, സോഷ്യൽ ജസ്റ്റിസ് വകുപ്പ് അസി. ഡയറക്ടർ പവിത്രൻ തൈക്കണ്ടി, കണ്ണൂർ എൽഎൽസി എൻ ജി ഒ അംഗം പി കെ എം സിറാജ് എന്നിവർ സംസാരിച്ചു.

എൽഎൽസി വഴി ബില്ലുകളും വൗച്ചേഴ്സും സമർപ്പിക്കൽ എന്ന വിഷയത്തിൽ സാമൂഹ്യ നീതി വകുപ്പ് സീനിയർ സൂപ്രണ്ട് നാസർ പി കെ സംസാരിച്ചു. പിന്നീട് 7 ജില്ലകളിലെയും ജില്ലാ തല റിപ്പോർട്ടിങ്ങും ചർച്ചകളും നടന്നു. എൽ എൽ സികളുടെ പ്രവർത്തനങ്ങൾ, ചുമതലകൾ, നിരാമയ ഇൻഷുറൻസ് പദ്ധതി, നിയമപരമായ രക്ഷകർത്താവിനെ നിയമിക്കൽ, നാഷണൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച ക്ലാസുകളും ചർച്ചകളും നടന്നു

Related posts

ജില്ലയിൽ നിന്നുള്ള കെ. എസ്. ആർ. ടി. സി. ദീർഘദൂര ബസുകൾ മുഴുവൻ പുനഃസ്ഥാപിച്ചു

Aswathi Kottiyoor

കറങ്ങി നടക്കുന്നവരെ പിടിക്കാൻ വനിതാ ബൈക്ക്‌ പട്രോൾ………..

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു –

Aswathi Kottiyoor
WordPress Image Lightbox