കണിച്ചാർ പഞ്ചായത്തിലെ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച ഫാമുകളുടെ ഉടമസ്ഥരായ കർഷകർക്കുള്ള നഷ്ടപരിഹാര വിതരണം ആഗസ്റ്റ് 11 വ്യാഴാഴ്ച വൈകീട്ട് 3. 30ന് കണ്ണൂർ കക്കാട് റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടക്കും. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നഷ്ടപരിഹാര തുക വിതരണം നിർവഹിക്കും. രണ്ട് കർഷകരുടെ 247 പന്നികളെയാണ് ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചതിനെ തുടർന്ന് ഉൻമൂലനം ചെയ്ത് സംരക്ഷണ നടപടികൾ സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായുള്ള സെമിനാർ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും. എംപിമാരായ കെ സുധാകരൻ, അഡ്വക്കേറ്റ് പി സന്തോഷ് കുമാർ എന്നിവർ ഉപഹാര സമർപ്പണം നടത്തും. പന്നിപ്പനി രോഗപ്രതിരോധ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിക്കും.