തിരുവനന്തപുരം: കേശവദാസപുരത്ത് കൊല്ലപ്പെട്ട മനോരമയുടെ കഴുത്തറത്ത് കൊലപ്പെടുത്താനാണ് പ്രതി ആദം അലി ആദ്യം ശ്രമിച്ചതെന്ന് പോലീസ്. ഇത് പരാജയപ്പെട്ടതോടെ സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. പ്രതിയെ ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യംചെയ്യുന്നുണ്ട്. ഇതോടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
ചെന്നൈയില്‍ നിന്ന് കഴിഞ്ഞ ദിവസം ആദം അലിയെ പിടികൂടിയിരുന്നു. ഇതിന് ശേഷം തിരുവനന്തപുരം സിറ്റി പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി. പ്രതിയെ വിശദമായി ചോദ്യംചെയ്ത ശേഷം തെളിവെടുപ്പിന് കൊണ്ടുപോകും. കൊലപാതകത്തിനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില നിഗമനങ്ങളിലേക്ക് പോലീസ് എത്തിയിട്ടുണ്ട്. മനോരമയുടെ കഴുത്തില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിച്ച പാട് കാണാമായിരുന്നു. മുറിവ് വലിയ ആഴത്തിലുള്ളതല്ല. ഈ മുറിവ് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പ്രതി സാരി കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ചത്. കൊലപാതകം നടത്തിയ രീതി, മരണകാരണം, പ്രതിയുടെ ലക്ഷ്യം എന്നിവ വ്യക്തമാകണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് ലഭിക്കുകയും പ്രതിയെ വിശദമായി ചോദ്യംചെയ്യുകയും വേണം. അതേസമയം കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് പ്രതിയെ ചോദ്യംചെയ്തപ്പോള്‍ ആദ്യഘട്ടത്തില്‍ കുറ്റം സമ്മതിക്കാന്‍ പ്രതി തയ്യാറായിരുന്നില്ല.
മനോരമയുടെ സ്വര്‍ണാഭരണങ്ങള്‍ പ്രതി മോഷ്ടിച്ചിരുന്നു. ഇത് കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. കൊലപാതകം നടത്തിയ ശേഷം നഗരം വിട്ട പ്രതി ഇത് ഒപ്പം കൊണ്ടുപോയോ അതോ മറ്റെവിടെയെങ്കിലും സൂക്ഷിച്ചിരിക്കുകയാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരേണ്ടതുണ്ട്. പ്രതി ഇനിയും കുറ്റം സമ്മതിക്കാത്ത സ്ഥിതിക്ക് ഇയാള്‍ മൃതദേഹം കിണറ്റില്‍ ഇടുന്ന സിസിടിവി ദൃശ്യങ്ങളുടെ തെളിവ് ഉള്‍പ്പെടെ നിരത്തിയായിരിക്കും പോലീസ് ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തുക.