തൊടുപുഴ: ജലനിരപ്പ് റൂൾ കർവ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെ ഇടുക്കി ഡാം തുറന്നു. ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് നേരത്തെ അറിയിച്ചിരുന്നതുപോലെ രാവിലെ 10 മണിയോടെ തുറന്നത്. ഈ ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്‌സ് ((50,000 ലീറ്റർ) വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. നിലവിൽ 2384.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2383.53 ആണ് റൂൾ കർവ്. ഇടുക്കി ഡാമിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാം തുറന്നെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പെരിയാറിന്റെ കരയിലുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു.
ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാർ തീരത്തുള്ള 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകുകയും 26 ക്യാംപുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് വെള്ളം കയറില്ലെങ്കിലും 5 വില്ലേജുകളിലും ആറ് പഞ്ചായത്തുകളിലും അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.