പേരാവൂർ: പൂളക്കുറ്റി മേലെ വെള്ളറയിൽ ഉരുൾപൊട്ടി കാഞ്ഞിരപ്പുഴ തീരത്ത് വ്യാപക നാശം. വെള്ളറയിൽ ഒരു വീട് പൂർണമായും തകർന്നു.വീടിനുള്ളിലുണ്ടായിരുന്ന മണ്ണാലി ചന്ദ്രൻ (55) മകൻ റിവിൻ (22) എന്നിവരെ കാണാതായതായി പ്രദേശവാസികൾ പറഞ്ഞു. നിടുംപുറംചാലിൽ ഒരു കുട്ടി ഒഴുക്കിൽ പെട്ടതായി സംശയം. പേരാവൂർ തെറ്റുവഴിയിലെ അഗതിമന്ദിരമായ കൃപ ഭവനിൻ്റെ ഒരു കെട്ടിടം പൂർണമായും വെള്ളത്തിനടിയിലായി. ഇവിടെ നിർത്തിയിട്ടിരുന്ന ആമ്പുലൻസടക്കമുള്ള അഞ്ചോളം വാഹനങ്ങൾ ഒഴുകിപ്പോയതായി ഡയറക്ടർ സന്തോഷ് പറഞ്ഞു.നിരവധി പശുക്കൾ ഒലിച്ചുപോവുകയും ചാവുകയും ചെയ്തു. തെറ്റുവഴി സർവീസ് സ്റ്റേഷന് സമീപം ഒരു കുടുംബം ഒറ്റപ്പെട്ടു പോയി.
തലശേരി മാനന്തവാടി അന്ത:സംസ്ഥാന പാതയിൽ വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഏലപ്പീടിക കണ്ടംതോട് ഉരുൾ പൊട്ടി അഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.
കോളയാട് ചെക്കേരി പൂളക്കുണ്ടിലും തുടിയാടിലും ഉരുൾപൊട്ടി. ചെക്കേരി പുഴയും കാഞ്ഞിരപ്പുഴയും കരകവിഞ്ഞൊഴുകി വ്യാപക നാശമുണ്ടായി. ചെക്കേരി, കണ്ടത്തിൽ ഭാഗങ്ങളിൽ വീടുകൾക്കും കൃഷിക്കും നാശമുണ്ടായി.
നെടുംപൊയിൽ ടൗൺ പൂർണമായും വെള്ളം കയറി. കൊമ്മേരി,കറ്റിയാട്, പുന്നപ്പാലം ഭാഗത്ത് നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം.തൊണ്ടിയിൽ ടൗൺ പൂർണമായും വെള്ളത്തിനടിയിലായി. ഈ ഭാഗത്ത് വ്യാപക നാശമുണ്ടായി. ഇരുപതോളം കടകൾ പൂർണമായും വെള്ളം കയറി നശിച്ചു.
പേരാവൂർ, ഇരിട്ടി, കൂത്തുപറമ്പ് അഗ്നി രക്ഷാ സേനയും പോലീസും നാട്ടുകാരും രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. വൈദ്യുതി ബന്ധം നിലച്ചതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമാണ്.