ഇരിട്ടി: സമുദ്രനിരപ്പിൽ നിന്ന് 2300 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാലുകാച്ചി മലയിലെ പ്രകൃതി ദൃശ്യങ്ങൾ നുകരാൻ തക്കവണ്ണം ആരംഭിച്ച പാലുകാച്ചിമല ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമായി. മലയിലേക്കുള്ള ട്രാക്കിങ് കണ്ണൂർ ഡി എഫ് ഒ പി കാർത്തിക് ഫ്ലാഗ് ഓഫ് ചെയ്തു. മലയിൽ നിന്നുമുള്ള പ്രകൃതി സൗന്ദര്യം നുകരാൻ നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഞായറാഴ്ച എത്തിച്ചേർന്നത്.
10 പേർ അടങ്ങുന്ന സംഘങ്ങളായാണ് പാലുകാച്ചി മലയുടെ മുകളിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നത്. രാവിലെ 8 മണി മുതൽ വൈകിട്ട് 4.30 വരെയാണ് ടിക്കറ്റ് ലഭിക്കുക. വൈകിട്ട് 6 മണിക്ക് മുമ്പ് സഞ്ചാരികൾ വനത്തിന് പുറത്ത് കടക്കണമെന്നും വനം വകുപ്പിന്റെ നിർദ്ദേശമുണ്ട്.
വന സംരക്ഷണ സമിതി നിയമിച്ച ആറ് താത്കാലിക ജീവനകാരാണ് ട്രക്കിംഗിന് എത്തുന്ന വിനോദ സഞ്ചാരികളെ സഹായിക്കുന്നത്. വനത്തിനകത്തോ പരിസരത്തോ പ്ലാസ്റ്റിക് മാലിന്യങ്ങൾനിക്ഷേപിക്കാൻ പാടുള്ളതല്ലെന്നും വനം വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്. ട്രക്കിംഗിന് എത്തുന്ന വിനോദസഞ്ചാരികൾക്കായി ക്ലോക്ക് റൂം, ടോയലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ടി. അനീഷ്, വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന ജോർജ്, കേളകം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടോമി പുളിക്കക്കണ്ടം, ജോണി പാമ്പാടി, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ അശോക് കുമാർ, മിനി പൊട്ടയ്ക്കൽ, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നാരോത്ത്, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മഹേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.