ഇരിട്ടി: അന്തർസംസ്ഥാന പാതയായ ഇരിട്ടി – കൂട്ടുപുഴ – കുടക് റോഡിൽ ഇരിട്ടി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൌസിന് സമീപം പുഴയോരം ഇടിയുന്നു. ഈയിടെ പുനർനിർമ്മാണം നടന്ന കെ എസ് ടി റോഡിനോട് ചേർന്നുണ്ടായ വൻ കരയിടിച്ചിൽ റോഡിന് വലിയ ഭീഷണി തീർക്കുകയാണ്. പഴശ്ശി ജലാശയത്തിൽ ഉൾപ്പെട്ട ഭാഗമെന്ന നിലയിൽ പദ്ധതിയുടെ ഷട്ടർ പൂർണ്ണമായും അടക്കുന്നതോടെ ഇപ്പോൾ ഇടിഞ്ഞുകിടക്കുന്ന പുഴയോരം മുഴുവൻ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന സ്ഥലമാണ് .
വർഷങ്ങൾക്ക് മുൻപ് മുൻമ്പ് കെട്ടിയുണ്ടാക്കിയ പുഴയോട് ചേർന്നുള്ള റോഡ് സംരക്ഷണ ഭാത്തിയുടെ അടിത്തറ ഇളക്കും വിധം വൻ ഇടിച്ചലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇടിഞ്ഞ ഭാഗവും റോഡും തമ്മിൽ പത്ത് മീറ്റർ പോലും അകലം ഇല്ല. മറുഭാഗം കെ എസ് ടി പി റോഡ് നിർമ്മാണത്തിനായി അധിക ഭൂമി ഏറ്റെടുത്ത് ചെങ്കുത്തായി ഇടിച്ചിറക്കിയ കുന്നിന്റെ ഭാഗമാണ്. ഈ കുന്നിനും പുഴയ്ക്കും ഇടയിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ഇടിച്ചിറക്കിയ കുന്നിന്റെ ഭാഗത്ത് രൂക്ഷമായ മണ്ണിടിച്ചൽ ഉണ്ടായതിനെത്തുടർന്ന് റസ്റ്റ് ഹൗസിനോട് ചേർന്ന കുറച്ച് ഭാഗത്ത് ഗാബിയോൺ മതിൽ കെട്ടിയാണ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ എതിർ വശത്താണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ വലിയ മണ്ണിടിച്ചൽ ഉണ്ടായിരിക്കുന്നത്.
എന്നാൽ ഈ ഭാഗത്തെ പുഴയോരം കാട് മൂടിക്കിടക്കുന്ന പ്രദേശമായതിനാൽ മണ്ണിടിച്ചൽ ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. റോഡും കൂട്ടുപുഴയിലും ഇരിട്ടിയിലും പുതിയ പാലങ്ങൾ യാഥാർത്ഥ്യമാവുകയും ചെയ്തതോടെ മാക്കൂട്ടം- ചുരം പാതവഴി നിരവധി വലിയ ഭാരം കയറ്റിയ കണ്ടെയ്‌നർ ലോറികൾ ഇതുവഴി സ്ഥിരമായി പോകുന്നുണ്ട്. റോഡിനോട് ചേർന്നുള്ള അടിഭാഗത്തെ മണ്ണ് മുഴുവൻ നീങ്ങി പോയതിനാൽ ഭാരം താങ്ങാനുള്ള റോഡിൻരെ ശേഷിയും സംശയത്തിലാണ്. മഴ വീണ്ടും ശക്തിപ്പെടുകയാണെങ്കിൽ മണ്ണിടിച്ചിൽ കൂടാനും ഇടയുണ്ട്.
പഴശ്ശിയുടെ ഷട്ടറുകൾ മഴക്കാലമായതിനാൽ ഇപ്പോൾ തുറന്നിട്ടിരിക്കുന്ന നിലയിലാണ്. എന്നാൽ മഴക്കാലം കഴിയുന്നതോടെ ഷട്ടറുകൾ മുഴുവൻ അടക്കുകയും പദ്ധതിയിൽ വെള്ളം ഉയർത്തി നിർത്തുകയും ചെയ്യുന്നതോടെ ഇപ്പോൾ ഇടിഞ്ഞ ഭാഗവും വെള്ളത്തിനടിയിലാകും. ഷട്ടർ അടക്കുന്നതിനുമുന്നേ ഇടിഞ്ഞഭാഗം ബലപ്പെടുത്താത്തപക്ഷം കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും റോഡ് തന്നെ പഴശ്ശി ജലാശയത്തിലേക്ക് പതിക്കുന്ന അവസ്ഥയും ഉണ്ടാകാം. ഇരിട്ടി പൊതുമരാമത്തു വകുപ്പ് ഓഫീസിനു മുന്നിൽ തന്നെയാണ് സംഭവം എന്ന നിലയിൽ അധികൃതരുടെ ശ്രദ്ധ കൂടുതലായി ഉണ്ടാകും എന്നാണ് ജനങ്ങളും കരുതുന്നത്.