കോഴിക്കോട്: രാജ്യത്തിനകത്തും പുറത്തുമുള്ളവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അവയവമാറ്റ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുക്കുക ലോകനിലവാരത്തിൽ. അമേരിക്കയിലെ മിയാമി ട്രാൻസ്‌പ്ലാന്റ് ഇൻസ്‌റ്റിറ്റ്യൂട്ട് മാതൃകയാണ് പരിഗണിക്കുന്നത്. കോഴിക്കോട് ചേവായൂർ ത്വക്‌രോഗാശുപത്രി ക്യാമ്പസിലെ 20 ഏക്കറിൽ 500 കോടി ചെലവിലാണ് സർക്കാർ ഉടമസ്ഥതയിൽ ഇന്ത്യയിലെ ആദ്യത്തേതും ലോകത്തെ നാലാമത്തേതുമായ ആശുപത്രി ഒരുങ്ങുന്നത്. 150 വിദഗ്‌ധ ഡോക്ടർമാരും 800 നഴ്‌സിങ്, ടെക്‌നിക്കൽ സ്‌റ്റാഫും ഉണ്ടാകും. 22 സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സും പരിഗണനയിലുണ്ട്. എയർ ആംബുലൻസും ഹെലിപ്പാഡ് സൗകര്യവും ഉണ്ടാകും. 500 കിടക്ക, പരിശീലന കേന്ദ്രം, റിസർച്ച് സെന്റർ എന്നിവയും പ്രത്യേകതയാണ്. ഡോക്ടർമാർക്ക് ഉൾപ്പെടെ ഫെല്ലോഷിപ്പ് സൗകര്യവും ഒരുക്കും. ചെന്നൈ, കോയമ്പത്തൂർ, വെല്ലൂർ, പോണ്ടിച്ചേരി ആശുപത്രികളെ ആശ്രയിക്കുന്ന കേരളത്തിലെ രോഗികൾക്ക് അവയെ അപേക്ഷിച്ച് 40 ശതമാനം ചെലവിൽ ചികിത്സ ലഭിക്കും. കേരളത്തിൽ അഞ്ചുവർഷത്തിനിടെ നടന്ന 235 അവയവമാറ്റങ്ങളിൽ ഭൂരിഭാഗവും സ്വകാര്യ ആശുപത്രിയിലാണ്.
വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, കോർണിയ, മജ്ജ, കൈകാൽ, മുഖം, തൊലി, പേശി, പാൻക്രിയാസ്, കുടൽ തുടങ്ങിയ അവയവങ്ങളാകും മാറ്റിവയ്‌ക്കുക. പോണ്ടിച്ചേരി ജിപ്‌മെർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രൊഫസറും അവയവമാറ്റ ശസ്‌ത്രക്രിയാ വിദഗ്‌ധനുമായ മലപ്പുറം സ്വദേശി ഡോ. ബിജു പൊറ്റെക്കാടാണ് സ്‌പെഷൽ ഓഫീസർ. വിജ്ഞാപനത്തിന് ശേഷം അന്തിമ രൂപരേഖ തയ്യാ റാക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.