കല്പറ്റ: നിലമ്പൂരില്‍ നാട്ടുവൈദ്യനെ തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും പിടിയില്‍. വയനാട് മേപ്പാടി സ്വദേശിനി ഫസ്‌നയെയാണ് നിലമ്പൂര്‍ പോലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യത്തെക്കുറിച്ച് ഫസ്‌നയ്ക്ക് അറിവുണ്ടായിരുന്നതായും ഇവര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതായുമാണ് പോലീസ് പറയുന്നത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് ഫസ്‌നയെ പോലീസ് ചോദ്യംചെയ്തിരുന്നു. ഇതോടെ ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഫസ്‌നയെ നിലവില്‍ പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു പോലീസ് അന്ന് കോടതിയില്‍ നല്‍കിയ വിശദീകരണം. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തീര്‍പ്പാക്കിയിരുന്നു.
മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യം സ്വന്തമാക്കാനായി 2019 ഓഗസ്റ്റിലാണ് മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷരീഫിനെ ഷൈബിനും സംഘം തട്ടിക്കൊണ്ടുവന്നത്. ഒറ്റമൂലി രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ഷാബാ ഷരീഫിനെ നിലമ്പൂരിലെ വീട്ടില്‍ മാസങ്ങളോളം തടവില്‍ പാര്‍പ്പിച്ചു. ഇതിനിടെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തിനിടെ 2020 ഒക്ടോബറില്‍ ഷാബാ ഷരീഫ് കൊല്ലപ്പെട്ടതോടെ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി പ്രതികള്‍ ചാലിയാറില്‍ ഉപേക്ഷിക്കുകയായിരുന്നു.
നാട്ടുവൈദ്യന്റെ കൊലപാതകത്തിന് പുറമേ അബുദാബിയില്‍ നടന്ന രണ്ട് കൊലപാതകങ്ങളിലും ഷൈബിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ബിസിനസ് പങ്കാളിയായിരുന്ന ഹാരിസിനെയും ഇവരുടെ മാനേജരായ ചാലക്കുടി സ്വദേശിനിയെയും കൊലപ്പെടുത്തിയെന്ന കേസിലാണ് ഷൈബിനെ അടുത്തിടെ പ്രതി ചേര്‍ത്തത്. യുവതിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കിയെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഷൈബിന്റെ ശ്രമം. നാട്ടുവൈദ്യന്റെ കൊലപാതകത്തില്‍ പിടിയിലായതോടെയാണ് അബുദാബിയില്‍ നടന്ന ഇരട്ടക്കൊലയുടെയും ചുരുളഴിഞ്ഞത്.