27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം; മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി.
Kerala

ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം; മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി.

കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം അറുപതാക്കണമെന്ന ആവശ്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. വിരമിക്കല്‍പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴിയിലുള്ള അലോപ്പതി ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതായി 2017-ല്‍ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതേ ആനുകൂല്യം ആയുഷ് വകുപ്പിലെ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷനും രണ്ട് ഹോമിയോ ഡോക്ടര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നിര്‍ദേശം. സുപ്രീം കോടതി ഉത്തരവോടെ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒക്ടോബറിന് മുമ്പ് നയപരമായ തീരുമാനം എടുക്കേണ്ടിവരും.ആയുഷ് വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം അറുപതാക്കി ഉയര്‍ത്താന്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ട്രിബ്യുണല്‍ ഉത്തരവ് റദ്ദാക്കി. വിരമിക്കല്‍പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ നയപരമായ വിഷയമാണെന്നും അതിനാല്‍ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കിയയായിരുന്നു ഹൈക്കോടതി ഉത്തരവ്. തീരുമാനം മൂന്ന് മാസത്തിനകം എടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി വിധിക്ക് എതിരെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഈ നിര്‍ദേശം സുപ്രീം കോടതി ശരിവച്ചു. സര്‍ക്കാരിന്റെ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയില്‍ അതിനെ ചോദ്യംചെയ്യാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

രോഗികളെ ചികിത്സിക്കുന്ന അലോപ്പതി ഡോക്ടര്‍മാരെയും ആയുഷ് വിഭാഗത്തിലെ ഡോക്ടര്‍മാരെയും വ്യത്യസ്തമായി കാണാനാകില്ലെന്ന് ഡോക്ടര്‍ റാം നരേഷ് ശര്‍മ്മ കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടിയാണ് ആയുഷ്, ആരോഗ്യ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആയുഷ് വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.മെറിറ്റ് അലോപ്പതിക്കെന്ന് സുപ്രീം കോടതി, എതിര്‍ത്ത് ഹര്‍ജിക്കാര്‍

അലോപ്പതി ഡോക്ടര്‍മാരും ആയുഷ് വിഭാഗത്തിലെ ഡോക്ടര്‍മാരും തമ്മിലുള്ള വിവേചനം മെഡിക്കല്‍ പ്രവേശനത്തിന്റെ ആദ്യദിനം മുതല്‍ ഉണ്ടെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. പ്രവേശന പരീക്ഷാ മെറിറ്റ് ലിസ്റ്റിലെ ആദ്യ സ്ഥാനക്കാര്‍ എംബിബിഎസ് കോഴ്സിന് ചേരും. തൊട്ടുപിന്നിലുള്ളവര്‍ ബിഡിഎസ് കോഴ്സിനും. ഇതിന് ശേഷം ഉള്ളവരാണ് ആയുര്‍വേദ, ഹോമിയോ കോഴ്സുകളില്‍ പ്രവേശനം നേടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍, കോടതിയുടെ അഭിപ്രായത്തെ ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ എതിര്‍ത്തു. ആയുഷ് വകുപ്പിന് കീഴിലുള്ള കേരളത്തിലെ ആയുര്‍വേദ ചികിത്സയ്ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് എത്തുന്നതെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് വാദിച്ചു.

ഹര്‍ജിക്കാര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകരായ വി. ചിദംബരേഷ്, കെ. പി. കൈലാസ്‌നാഥ പിള്ള, അഭിഭാഷകന്‍ പി. എസ്. സുധീര്‍ എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാറിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, സി. കെ. ശശി എന്നിവര്‍ ഹാജരായി. സര്‍ക്കാര്‍ സര്‍വീസിലെ ഹോമിയോ ഡോക്ടര്‍മാരായി നിയമനം കാത്ത് പിഎസ്സി ലിസ്റ്റില്‍ കഴിയുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി സീനിയര്‍ അഭിഭാഷകന്‍ പി. എന്‍. രവീന്ദ്രനും അഭിഭാഷകന്‍ റോയ് ഏബ്രഹാമും ഹാജരായി.

Related posts

സംസ്ഥാനത്ത് ഭീതി പരത്തി കോവിഡ്: പനിയുളളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുത്

Aswathi Kottiyoor

വേനൽ കടുക്കുന്നു; ജലജന്യ രോഗങ്ങളെ കരുതിയിരിക്കാം

Aswathi Kottiyoor

കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി: സ്ഥലം ഏറ്റെടുക്കൽ ഡിസംബറിൽ പൂർത്തിയാക്കും

Aswathi Kottiyoor
WordPress Image Lightbox