കൊട്ടിയൂർ: കൊട്ടിയൂരിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് അരലക്ഷം രൂപ മോഷ്ടിച്ചു. തലക്കാണിയിലെ മൈലാടൂർ ലീലാമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ഒന്നര ലക്ഷത്തിലേറെ രൂപ സൂക്ഷിച്ചിരുന്നു. ഇതിൽ അരലക്ഷമാണ് നഷ്ടപ്പെട്ടത്. ഒരു ലക്ഷം രൂപ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്നതിനാൽ മോഷ്ടാവിൻ്റെ ശ്രദ്ധയിൽപ്പെട്ടിരിക്കാനിടയില്ലെന്നാണ് കരുതുന്നത്.
ബുധനാഴ്ച രാവിലെ വാതിൽ തുറന്നു കിടക്കുന്ന നിലയിൽ കണ്ട അയൽവാസികളാണ് മോഷണവിവരം പോലീസിൽ അറിയിച്ചത്. റിട്ട. അധ്യാപികയായ ലീലാമ്മ പേരാമ്പ്രയിൽ കനറ ബാങ്ക് മാനേജറായ മകൻ അമൽ അബ്രഹാമിനൊപ്പമാണ് താമസിച്ചിരുന്നത്. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരുടെ പെൻഷൻ തുകയടക്കമായിരുന്നു വീട്ടിൽ സൂക്ഷിച്ചിരുന്നത്.
ബുധനാഴ്ച രാവിലെ മോഷണശ്രമം അറിയിച്ചതിനെ തുടർന്ന് അമൽ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് അരലക്ഷം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
പേരാവൂർ – കൊട്ടിയൂർ മലയോര ഹൈവേയ്ക്ക് സമീപമുള്ള വീടിൻ്റെ മുൻ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടന്നിട്ടുള്ളത്. ചൊവ്വാഴ്ച വൈകീട്ട് വീടിൻ്റെ മുൻവാതിൽ പകുതി തുറന്നു കിടന്നിരുന്നെന്നും ടീച്ചർ വീട്ടിലെത്തിയിട്ടുണ്ടാകുമെന്ന് കരുതിയതായും അയൽവാസി പറഞ്ഞു. ബുധനാഴ്ച്ച രാവിലെ വാതിൽ തുറന്നു കിടക്കുന്നുണ്ടെങ്കിലും അകത്ത് ശബ്ദമൊന്നും കേൾക്കാത്തതിനെ തുടർന്ന് ഫോൺ ചെയതപ്പോഴാണ് മോഷണം അറിഞ്ഞത്. തുടർന്ന് കേളകം പോലീസ് സ്ഥലത്ത് പരിശോധന നടത്തി. മുൻ വാതിലിൻ്റെയും മുറികളിലൊന്നിൻ്റെയും പൂട്ട് തകർത്ത നിലയിലാണുള്ളത്. രണ്ടു മുറികൾ മാത്രമാണ് മോഷ്ടാവ് തുറന്നിട്ടുള്ളത്. വാതിലുകൾ കമ്പിപ്പാരയോ മറ്റോ ഉപയോഗിച്ച് തുറന്നതാകാമെന്ന് പോലീസ് പറഞ്ഞു.