ബഫര്‍ സോണിന്റെ ദൂരപരിധി നിര്‍ണയിക്കാന്‍ വനംവകുപ്പിന്റെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നതും വന്യജീവി സങ്കേതങ്ങളില്‍നിന്നും ഒരു കിലോമീറ്റര്‍ വരെയുള്ള ജനവാസകേന്ദ്രങ്ങള്‍, വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍, കൃഷിസ്ഥലങ്ങള്‍, തോട്ടങ്ങള്‍ എന്നിവയുടെ കണക്കെടുപ്പു നടത്തുന്നതും അനുവദിക്കില്ലെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
കേന്ദ്രസര്‍ക്കാരിനെയും സുപ്രീംകോടതിയെയും കേന്ദ്ര എംപവേര്‍ഡ് കമ്മറ്റിയെയും സമീപിക്കാന്‍ ശ്രമിക്കാതെ ബഫര്‍ സോണിനായി റവന്യൂ ഭൂമിയിലെ കണക്കെടുപ്പുകള്‍ നടത്തുന്നത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കും.
കര്‍ഷക കൃഷിഭൂമിയും വനപ്രദേശത്തിന്റെ പരിധിയിലാക്കുവാനേ ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ടുകള്‍ ഉപകരിക്കൂ. ബഫര്‍ സോണ്‍ വനത്തിനുള്ളില്‍ നിജപ്പെടുത്തുമ്പോള്‍ സര്‍വേ പോലും വനാതിര്‍ത്തിക്കുള്ളില്‍ മാത്രമേ ആവശ്യമുള്ളൂ. ജണ്ടയിട്ടു തിരിച്ചിരിക്കുന്ന വനാതിര്‍ത്തിക്കു പുറത്തുള്ള റവന്യൂ ഭൂമിയില്‍ കോടതിവിധിയുടെ പേരിലാണെങ്കിലും വനംവകുപ്പിന്റെ ഒരിടപെടലിനും അവസരം സൃഷ്ടിക്കരുത്.
കൃഷിഭൂമിയില്‍ വനംവകുപ്പിന്റെ കടന്നുകയറ്റമുണ്ടായാല്‍ എന്തുവിലകൊടുത്തും മലയോരജനത ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി കര്‍ഷകന്റെ കൈവശം രേഖാമൂലമുള്ള കൃഷിഭൂമി വനവത്കരണത്തിനു വിട്ടുകൊടുക്കാന്‍ മലയോരജനത ഒരിക്കലും തയാറല്ലെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.