മാലിന്യക്കൂമ്പാരത്തിൽ ദേശീയ പതാകകൾ കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേരെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം വെങ്ങോല കീടത്ത് ഷമീർ (42), ഇടുക്കി വെട്ടിക്കാട്ടിൽ മണി ഭാസ്ക്കർ (49), തോപ്പുംപടി ചിരികണ്ടത്ത് സാജർ (49) എന്നിവരാണ് അറസ്റ്റിലായത്.
മാലിന്യം നിക്ഷേപിച്ച ദിവസം യാർഡിൽ നിന്നു പുറത്തുപോയ ലോറികളെപ്പറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പഴയ വസ്തുക്കളെല്ലാം പൊളിച്ചു വില്പന നടത്തുന്ന മൂന്നാം പ്രതി സാജറിന്റെ ഗോഡൗണിൽ നിന്നാണ് ലോറിയിൽ മാലിന്യം കയറ്റിക്കൊണ്ടുപോയത്. ലോറി ജീവനക്കാരായ ഷമീറും മണി ഭാസ്ക്കറും വാഹനത്തിൽ കയറ്റിയ മാലിന്യങ്ങളുടെ കൂട്ടത്തിൽ ദേശീയ പതാകകളും ഉൾപ്പെടുകയായിരുന്നു.
കഴിഞ്ഞ് 12ന് രാവിലെയാണ് കോസ്റ്റ് ഗാർഡിന്റെ മാലിന്യം ടിപ്പറിൽ കൊണ്ടുവന്ന് നിക്ഷേപിച്ച കൂട്ടത്തിൽ ഏഴുദേശീയപതാകകളും കോസ്റ്റ് ഗാർഡിന്റെ പതാകകളും ഇരുമ്പനം കടത്ത്കടവ് റോഡിൽ മുനിസിപ്പൽ ശ്മശാനത്തിനടുത്തുള്ള സ്ഥലത്ത് കണ്ടെത്തിയത്. നാട്ടുകാരറിഞ്ഞ് സംഭവം വാർത്തയായതോടെ ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി മാലിന്യത്തിൽ നിന്നു ദേശീയപതാകകൾ മാറ്റുകയായിരുന്നു.