24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കാട്ടാന അക്രമവും മരണവും ജില്ലാ കളക്ടർ ആറളം ഫാമിലെത്തി ചർച്ചനടത്തി
Iritty

കാട്ടാന അക്രമവും മരണവും ജില്ലാ കളക്ടർ ആറളം ഫാമിലെത്തി ചർച്ചനടത്തി

ഇരിട്ടി: ആറളം ഫാം 7ാം ബ്ലോക്കിലെ താമസക്കാരനായ പി എ ദാമുവിനെ വ്യാഴാഴ്ച കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ കളക്ടര്‍ എത്തണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ ആറളം ഫാമില്‍ എത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ആദിവാസികളുമായും ചർച്ച നടത്തി. രണ്ടു മണിക്കൂറിലധികം നീണ്ട തർക്കങ്ങൾക്കും വാദപ്രദിവാദങ്ങൾക്കും ശേഷം കാട്ടാന ശല്യം അടക്കമുള്ള പ്രശനങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാനാവശ്യമായ നടപടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു.
കാട്ടാനയുടെ അക്രമത്തില്‍ മരിച്ച 7ാം ബ്ലോക്കിലെ താമസക്കാരന്‍ പി. എ. ദാമുവിന്റെ മൃതദേഹവുമായി 7മണിക്കൂറോളം ആദിവാസികൾ അടക്കമുള്ളവർ ഫാമിൽ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ജില്ലാ കളക്ടര്‍ നേരിട്ടെത്തി പുനരധിവാസ മേഖലയിലെ താമസക്കാരായ ആദിവാസികളുടെ പ്രശ്നങ്ങൾ പഠിക്കണമെന്നും അടിക്കടി കാട്ടാന അക്രമം മൂലം ഉണ്ടാകുന്ന മരണങ്ങൾക്ക് തടയിടാനാവശ്യമായ നടപടികൾ ഉണ്ടാകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. മൃതദേഹം ഏഴുമണിക്കൂറോളം തടഞ്ഞുവെച്ച ഇവർ ഒടുവിൽ സബ് കളക്ടറും എ ഡി എമ്മും ഇടപെട്ടതിനെത്തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോകാൻ അനുവദിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച ആറളം ഫാമിലെത്തിയത്. ആറളം ഫാം 7ാം ബ്ലോക്കില്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ജനപ്രതിനിധികളുമായും പുനരധിവാസമേഖലയിലെ താമസക്കാരുമായും കളക്ടര്‍ ചര്‍ച്ച നടത്തി. വനംവകുപ്പിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ജനപ്രതിനിധികളും താമസക്കാരും കളക്ടറും ഡി എഫ് ഓ യും അടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തെ വിമര്‍ശിച്ചത്. തുടര്‍ന്ന് താമസക്കാരുടെ ആവശ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് നിന്ന കളക്ടര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കി.
ആറളം ഫാമില്‍ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളിലെ കാടുകള്‍ വെട്ടിമാറ്റാനുള്ള നടപടികൾ ശനിയാഴ്ച മുതൽ തന്നെ ആരംഭിക്കാൻ തീരുമാനമാനിച്ചു. അടിയന്തരഘട്ടങ്ങളില്‍ കാട്ടാനകളെ തുരത്താന്‍ 4 വാഹനങ്ങള്‍ പുനരധിവാസ മേഖലയില്‍ അനുവദിക്കും. താമസക്കാരുടെ ഭൂമി സംബന്ധമായ വിഷയങ്ങള്‍ പരിഹരിക്കാന്‍ ജില്ല കളക്ടര്‍ നേരിട്ട് അടുത്ത മാസം ഫാമിനകത്ത് ക്യാമ്പ് സംഘടിപ്പിക്കാനും, ഫാമിനകത്തെ കാട്ടാനകളെ കാട്ടിലേക്ക് തുരത്തി വിട്ട് തിരികെ വരാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും ഇവർ ഉറപ്പ് നൽകി. ഫാമിനകത്തെ അക്രമകാരിയായ കാട്ടാനയെ കണ്ടെത്തി പിടികൂടി ഫാമിനകത്ത് നിന്നും മാറ്റുവാനുള്ളനടപടി സ്വീകരിക്കുവാനും ആറളം ഫാമില്‍ നിരന്തരം ഉണ്ടാവുന്ന വൈദ്യുതി തടസം ഒഴിവാക്കാന്‍ കെ എസ് ഇ ബി അധികൃതരോട് നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു. ഫാമിനകത്തെ മൊബൈല്‍ നെറ്റ് വര്‍ക്ക് റേഞ്ചിനായി സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും ,താല്‍ക്കാലിക ഫെന്‍സിംഗ് അനുവദിക്കാനും ഇത് നിര്‍മ്മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും യോഗം തീരുമാനം കൈക്കൊണ്ടു. യോഗത്തില്‍ ജില്ലാ കളക്ടര്‍ക്ക് പുറമെ ഡിഎഫ്ഒ പി. കാര്‍ത്തിക്, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. സന്തോഷ്‌കുമാര്‍, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ സന്തോഷ് കുമാര്‍, ടിആര്‍ഡിഎം സൈറ്റ് മാനേജര്‍ കെ. വി. അനൂപ്, കൊട്ടിയൂര്‍ റേഞ്ചര്‍ സുധീര്‍ നേരോത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ശോഭ, ഷിജി നടുപറമ്പില്‍, ആറളം ഫാം മെമ്പര്‍ മിനി ദിനേശന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മാര്‍ട്ടിന്‍ ജോര്‍ജ്, കെ. ശ്രീധരന്‍, കെ. മോഹനന്‍, കെ. ടി. ജോസ്, സക്കീര്‍ഹുസൈന്‍, തോമസ് വര്‍ഗീസ്, കെ. കെ. ജനാര്‍ദ്ദനന്‍, ബാബുരാജ് പായം, അജയന്‍ പായം, രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

ഫോട്ടോ വീഡിയോഗ്രാഫി കലാകാരന്മാർക്കിടയിൽ നിർത്തലാക്കപ്പെട്ട സാംസ്‌കാരിക ക്ഷേമനിധി പുനഃ സ്ഥാപിക്കണം -എ കെ പി എ

Aswathi Kottiyoor

വിദേശത്തു നിന്നും കുടുംബ സമേതം നാട്ടില്‍ അവധിക്കെത്തിയ യുവാവ് വീടിന്റെ ടെറസില്‍ നിന്നും വീണു മരിച്ചു………..

Aswathi Kottiyoor

കേരളവിഷൻ ബ്രോഡ്ബാൻഡ് സൗജന്യ വൈഫൈ പദ്ധതി ഇരിട്ടി മേഖലാതല ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox