23.6 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • മങ്കിപോക്സ് കേരളത്തിലും? യുഎഇയിൽനിന്ന് വന്നയാൾ നിരീക്ഷണത്തിലെന്ന് മന്ത്രി.*
Thiruvanandapuram

മങ്കിപോക്സ് കേരളത്തിലും? യുഎഇയിൽനിന്ന് വന്നയാൾ നിരീക്ഷണത്തിലെന്ന് മന്ത്രി.*


തിരുവനന്തപുരം ∙ സംസ്ഥാനത്ത് കുരങ്ങ് വസൂരി (മങ്കിപോക്സ്) സംശയിച്ച് ഒരാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇയാളിൽ നിന്ന് ശേഖരിച്ച സാംപിൾ പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ ഇക്കാര്യം സ്ഥരീകരിക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു. യുഎഇയിൽനിന്ന് കേരളത്തിൽ എത്തിയ ആളാണ് നിരീക്ഷണത്തിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നും മന്ത്രി വിശദീകരിച്ചു. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ.

കുരങ്ങിൽ നിന്നു പടരുന്ന വൈറൽ പനി മനുഷ്യരിൽ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പർക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ മങ്കിപോക്സിനും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്. 1960 ൽ കോംഗോയിലാണ് മങ്കിപോക്സ് ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കൻപോക്സിനു സമാനമായ കുരുക്കൾ എന്നിവയാണ് ലക്ഷണങ്ങൾ. പരോക്ഷമായി രോഗികളുമായി സമ്പർക്കമുണ്ടായവർ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടർമാരുടെ പക്ഷം.

ആഫ്രിക്കയിൽ നിന്നു മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുന്ന മങ്കിപോക്സ് കേസുകളിൽ വൻ വർധനവുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കിടെ 77% ആണ് വർധന. ഈ മാസം എട്ടാം തിയതി പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 59 രാജ്യങ്ങളിലായി ആകെ 6027 കേസുകളാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിൽ പ്രത്യേക യോഗം ചേരാനുള്ള നീക്കത്തിലാണ് ലോകാരോഗ്യ സംഘടന. കോവിഡിനു സമാനമായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോയെന്ന കാര്യമാകും യോഗം ചർച്ച ചെയ്യുക.ആഫ്രിക്കൻ രാജ്യങ്ങളിൽ വർഷങ്ങളായി നാശം വിതയ്ക്കുന്ന ഈ രോഗം യൂറോപ്പിലേക്കു പടർന്നപ്പോൾ മാത്രമാണ് ലോകാരോഗ്യ സംഘടന ഗൗരവമായി പരിഗണിച്ചതെന്ന വിമർശനമുണ്ട്. 2017 ൽ നൈജീരിയയിൽ ഈ രോഗം ബാധിച്ചവരിൽ 10% പേരും മരിച്ചപ്പോഴും നടപടിയുണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.

പല രാജ്യങ്ങളിലും മങ്കിപോക്സ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കുന്നതിന് ഈ മാസം ആദ്യം ആരോഗ്യമന്ത്രാലയം വിശദമായ മാർഗരേഖയിറക്കിയിരുന്നു.

∙ പരിശോധന എപ്പോൾ

പിസിആർ പരിശോധന സാധ്യമാകുന്ന ഏതു ലബോറട്ടറിയിലും മങ്കിപോക്സ് പരിശോധിക്കാം. പൊട്ടിയൊലിക്കുന്ന സ്രവം, രക്തം, മൂത്രം തുടങ്ങി സാംപിൾ ലാബിലെത്തിച്ചുള്ള പിസിആർ പരിശോധനയും ജനിതക ശ്രേണീകരണവും വഴിയാണ് സ്ഥിരീകരണം. പോസിറ്റീവാകുന്ന എല്ലാ സാംപിളുകളും പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം.

വൈറസ് ബാധയേറ്റാലും ലക്ഷണം കാട്ടിത്തുടങ്ങാൻ 6 മുതൽ 13 ദിവസമെടുക്കും. ഇതു 5–21 ദിവസം വരെ നീളാം. രോഗം 2 മുതൽ 4 ആഴ്ച വരെ തുടരാം.

വൈറസ് ബാധയെ തുടർന്നുള്ള പാടുകൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നതിനു 2 ദിവസം മുൻപു മുതൽ ഇത് ഇല്ലാതാകുന്നതു വരെ വൈറസ് മറ്റുള്ളവരിലേക്കു പടരാം.എത്രമാത്രം ഗൗരവകരം

മങ്കിപോക്സ് ഏറ്റവും ഗുരുതരമാകുക കുട്ടികളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലുമുള്ളവരിലുമാണ്. മരണനിരക്ക് 11% വരെയാകാം. ഐസലേഷനിലായിരിക്കെ, കാഴ്ച മങ്ങുന്നതും ശ്വാസം തടസപ്പെടുന്നതും കരുതലോടെ കാണണം. മൂത്രത്തിന്റെ അളവ് കുറയുന്നതും മന്ദതയും ആഹാരം കഴിക്കാൻ തോന്നാത്താതും ശ്രദ്ധിക്കണം.

Related posts

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്….

Aswathi Kottiyoor

സിനിമാ മേഖല വീണ്ടും പ്രതിസന്ധിയിൽ; ഈ മാസം 30 ഓടെ തീയറ്ററുകൾ അടക്കും

Aswathi Kottiyoor

സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ….

Aswathi Kottiyoor
WordPress Image Lightbox