ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന് കേന്ദ്രസര്‍കാര്‍ നിരോധനം ഏര്‍പെടുത്തിയതിന് പിന്നാലെ ഭക്ഷണം പൊതിയുന്നത് ചെയ്യുന്നത് വലിയ തലവേദനയായി മാറിയെന്ന് വ്യാപാരികള്‍. നഗരത്തിലെ ചില റെസ്റ്റോറന്റുകളും ഹോടെലുകളും പരിസ്ഥിതി സൗഹൃദ ബദലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍, അത് ചെലവേറിയതാണെന്ന് മറ്റുള്ളവര്‍ പരാതിപ്പെടുന്നു.
‘നിരോധനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, പക്ഷേ പ്രായോഗികമായ ബദലുകള്‍ നല്‍കിയതിന് ശേഷം ഇത് പ്രാബല്യത്തില്‍ ആക്കേണ്ടതായിരുന്നു,’ കേരള ഹോടെല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ (കെഎച്ആര്‍എ) എറണാകുളം പ്രസിഡന്റ് മനോഹരന്‍ ടി ജെ പറഞ്ഞു.
‘കെഎച്ആര്‍എയുടെ കീഴില്‍ നഗരത്തില്‍ 5000ലധികം ഹോടെലുകളും റെസ്റ്റോറന്റുകളും ഉണ്ട്. ഇവരില്‍ പലരും ജീര്‍ണിക്കുന്ന (biodegradable) ബാഗുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഇവയ്ക്ക് വില കൂടുതലാണ്.
ഒരു കവറിന് നാല് രൂപ വരെയാണ് വില. ബിരിയാണി അടക്കമുള്ള ആഹാരസാധനങ്ങള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന അലുമിനിയം ഫോയില്‍ പാത്രങ്ങള്‍ക്ക് പോലും വില കൂടുതലാണ്. ഇത് വ്യവസായത്തെ സാരമായി ബാധിച്ചു. ഉപഭോക്താക്കള്‍, അധിക നിരക്ക് കൊടുക്കാന്‍ തയ്യാറല്ല. ഇതരമാര്‍ഗങ്ങളെക്കുറിച്ച് സിറ്റി കോര്‍പറേഷന്‍ ഞങ്ങള്‍ക്ക് ഒരു വിശദീകരണവും നല്‍കിയില്ല.
‘ഞങ്ങള്‍ക്ക് ജീര്‍ണിക്കുന്ന ബാഗുകള്‍ ലഭിച്ചു, പക്ഷേ അവ എത്രത്തോളം പരിസ്ഥിതി സൗഹൃദമാണെന്ന് അറിയില്ല. കൂടാതെ, ഈ ബാഗുകളില്‍ വലിയ ഭാരം നിറയ്ക്കാന്‍ കഴിയില്ല. നിരോധിത വസ്തുക്കളുടെ ഒരു പട്ടിക അധികാരികള്‍ ഞങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്, പക്ഷേ ഇതര മാര്‍ഗങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല.ഒരു പരിധിവരെ ഒരു നിശ്ചിത അളവിലുള്ള പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ അവര്‍ അനുവദിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍, ചില ഭക്ഷണ സാധനങ്ങള്‍ വിളമ്പാന്‍ കഴിയില്ല’- കടവന്ത്രയില്‍ മസാഫി റെസ്റ്റോറന്റ് നടത്തുന്ന റഹീം കെ ടി പറയുന്നു, ‘ഒരു കിലോയ്ക്ക് (ഏകദേശം 100 യൂനിറ്റ്) ജീര്‍ണിക്കുന്ന ബാഗുകള്‍ക്ക് 300 മുതല്‍ 450 രൂപ വരെയാണ് വില. ഇതിന് പകരമുള്ള സാധനങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല’.
മാനവരാശിയുടെ നിലനില്‍പ്പിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമാണ് ഇത്തരത്തിലുള്ള നിയന്ത്രണം കേന്ദ്രസര്‍കാര്‍ കൊണ്ടുവന്നത്. അത് നടപ്പാക്കുന്നതിന് വ്യാപാരികള്‍ക്കൊപ്പം ജനങ്ങളും കൈകോര്‍ക്കണം. ഹോടെലുകളില്‍ നിന്ന് ഭക്ഷണം വാങ്ങാവുന്ന തരത്തിലുള്ള പാത്രങ്ങള്‍ ലഭ്യമാണ്. ദിവസവും കടകളെ ആശ്രയിക്കുന്നവര്‍ക്ക് അവ വാങ്ങാം. അരിയും പച്ചക്കറിയും പോലുള്ളവ വാങ്ങുന്നതിന് ദീര്‍ഘകാലം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികളും തുണി സഞ്ചികളും ലഭ്യമാണ്. വില കൂടിയ ബയോഡീഗ്രേഡബിള്‍ ബാഗും വിപണിയിലുണ്ട്, പക്ഷെ വില കൂടുതലാണ്.
മീനും ഇറച്ചിയും വാങ്ങാനായി വീടുകളില്‍ തന്നെയുള്ള വലിയ പാത്രങ്ങള്‍ കൊണ്ടുപോകാം. കുറച്ച് ബുദ്ധിമുട്ടിയാലേ ഏത് നല്ല കാര്യവും നടപ്പാക്കാനാകൂ. അതിന് മനസുണ്ടാവണമെന്ന് പരിസ്ഥിതി സ്നേഹികള്‍ ചൂണ്ടിക്കാട്ടുന്നു.