തലശേരി: തലശേരി കടൽപ്പാലത്തിൽ കാറ്റുകൊള്ളാനെത്തിയ ദമ്പതികളെ എസ്ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ എഎസ്പി വിഷ്ണു പ്രദീപ് അന്വേഷണം നടത്തി സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കതിരൂർ എരുവട്ടി പിനാങ്കിമെട്ട വിശ്വം വീട്ടിൽ മേഘ വിശ്വനാഥൻ മുഖ്യമന്ത്രിക്കും ഉന്നത ഉദ്യാഗസ്ഥർക്കും നൽകിയ പരാതിയെ തുടർന്നാണ് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ അന്വേഷണത്തിന് ഉത്തരവിട്ടത്. ദമ്പതികളുടെ ആക്രമണത്തിൽ എസ്ഐക്കും ഒരു പോലീസുകാരനും പരിക്കേറ്റതായി റിപ്പോർട്ടിലുണ്ട്. എസ്ഐ മനു, സിവിൽ പോലീസ് ഓഫീസർ പ്രജീഷ് എന്നിവർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ടിലുള്ളത്. ഹെൽമറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ എസ്ഐയുടെ വലതുകവിളിന് ചതവേറ്റതായും പ്രജീഷിന് വലതുകൈമുട്ടിലും ഇടതുകൈത്തണ്ടയിലും ചതവുള്ളതായും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച മെഡിക്കൽ രേഖകൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം മേഘയെയും ഭർത്താവ് ധർമടം പാലയാട് വിശ്വത്തിൽ സി.പി. പ്രത്യുഷിനെയും എസ്ഐ മനുവും സംഘവും അറസ്റ്റ് ചെയ്തിരുന്നു. സംഭവദിവസം രാത്രി നഗരത്തിലെത്തി ഭക്ഷണം കഴിച്ചശേഷം കാറ്റുകൊള്ളാനായി കടൽപ്പാലത്തിലെത്തിയപ്പോൾ തന്നെയും ഭർത്താവിനെയും പോലീസ് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് മേഘയുടെ പരാതി. വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ കൈവശമില്ലെന്നും സ്റ്റേഷനിൽ ഹാജരാക്കാമെന്നും പറഞ്ഞെങ്കിലും പോലീസ് ചെവിക്കൊണ്ടില്ലെന്നും ഭർത്താവിനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയായിരുന്നുവെന്നും മേഘ പരാതിപ്പെട്ടിരുന്നു. താൻ കരഞ്ഞുപറഞ്ഞിട്ടും ഭർത്താവിനെ വിട്ടില്ല. മറ്റൊരു ജീപ്പിൽ തന്നെയും വലിച്ചുകയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പോലീസ് മർദിച്ച വിവരം പറഞ്ഞെങ്കിലും എഴുതിനൽകാനാണ് മജിസ്ട്രേറ്റ് നിർദേശിച്ചത്. പോലീസിന്റെ അനാവശ്യചോദ്യങ്ങളോട് തിരികെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അസഭ്യവർഷം നടത്തി സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയും ഭർത്താവിനെ സ്റ്റേഷനിൽ കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രി മുഴുവൻ പോലീസ് സ്റ്റേഷന് പുറത്തുനിർത്തി. പോലീസിനോട് ചോദ്യങ്ങൾ ചോദിച്ചതായിരുന്നു പ്രകോപനകാരണമെന്നും മേഘ പരാതിയിൽ പറഞ്ഞിരുന്നു. അതേസമയം, ഈ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രത്യുഷിന്റെ ജാമ്യഹർജിയിൽ തലശേരി ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.