ജില്ലയിലെ ബാങ്കിംഗ് ഇടപാടുകൾ പൂർണമായും ഡിജിറ്റലാക്കാൻ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതിയുടെ ലോഗോ കണ്ണൂർ കാനറാ ബാങ്ക് ഹാളിൽ നടന്ന സാമ്പത്തിക അവലോകന യോഗത്തിൽ കെ. സുധാകരൻ എംപി പ്രകാശനം ചെയ്തു. ഡിജിറ്റൽ പണമിടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ആരംഭം കുറിച്ചത്. കൃഷി, ചെറുകിട വ്യവസായം വിദ്യാഭ്യാസം എന്നീ അടിസ്ഥാനമേഖലകളിൽ കൂടുതൽ വായ്പ ലഭ്യമാക്കാൻ ബാങ്കുകൾ പ്രയത്നിക്കണമെന്ന് കെ.സുധാകരൻ പറഞ്ഞു. പേപ്പർ കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇടപാടുകൾ ഓഗസ്റ്റ് 15 ഓടെ സമ്പൂർണമായും ഡിജിറ്റലാകുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ ഇത്തരമൊരു പ്രവർത്തനം നടക്കുന്നത്. റിസർവ് ബാങ്കിന്റെ 2019 ഒക്ടോബർ നാലിലെ ദ്വിമാസ ധനനയത്തിലെ നിർദേശത്തിന്റെ ഭാഗമായി കേരളത്തിൽ തൃശൂർ, കോട്ടയം ജില്ലകൾ ഈ നേട്ടം കൈവരിച്ചുകഴിഞ്ഞു.
നിലവിലുള്ള സേവിംഗ്സ്, കറന്റ് അക്കൗണ്ട് ഇടപാടുകാർക്ക് സൗകര്യപ്രദമായ ഏതെങ്കിലും ഡിജിറ്റൽ മാധ്യമം വഴി ബാങ്കിടപാടുകൾ വേഗത്തിൽ സുരക്ഷിതവും സുതാര്യവുമായി നടത്തുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യുപിഐ, ക്യു ആർ കോഡ്, യുഎസ്എസ്ഡി, ആധാർ അധിഷ്ഠിത പേമെന്റ് സംവിധാനം മുതലായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ ഓരോ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രാപ്തരാക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. എല്ലാവിധ ദൈനംദിന സാമ്പത്തിക ഇടപാടുകൾക്കും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കാം. ഓട്ടോറിക്ഷ, ടാക്സി, ചെറുകിട കച്ചവടക്കാർ, വഴിയോര കച്ചവടക്കാർ, കർഷകർ, ദിവസവേതനക്കാർ തുടങ്ങി എല്ലാവിഭാഗം ജനങ്ങളെയും സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നതിനു വേണ്ട ബോധവത്കരണ പരിപാടികൾ ജില്ലയിലുടനീളം സംഘടിപ്പിക്കും.