ഇരിട്ടി: ഇരിട്ടിനഗരത്തിലെ ഡിവൈഡറുകളിലും നടപ്പാതകളിലും പച്ചപ്പിന്റെയും പുഷ്പങ്ങളുടെയും കാന്തി പടർത്താൻ വ്യാപാരി സംഘടനകളും വിവിധ സ്വകാര്യ വ്യക്തികളും മറ്റും ശ്രമങ്ങൾ നടത്തുന്നതിനിടെ ഇവർക്ക് കൈത്താങ്ങുമായി വള്ളിത്തോട് സ്വദേശിനി സ്റ്റെല്ല ജോളി. നൂറു കണക്കിന് ബഹു വർണ്ണച്ചെടികളാണ് ഇതിനായി സ്റ്റെല്ല ഞായറാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂണിറ്റിന് കൈമാറിയത്.
ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലതയും ഇരിട്ടിയുടെ സൗന്ദര്യ വത്കരണ പ്രവർത്തനത്തിന് പ്രചോദനം നൽകിയ യുവ വ്യാപാരി ജയപ്രശാന്തും ചേർന്ന് സ്റ്റെല്ലയിൽ നിന്നും ചെടികൾ ഏറ്റുവാങ്ങി. മേലേ സ്റ്റാന്റിലെ ഡിവൈഡറുകളിൽ ഇവ വെച്ച് പിടിപ്പിക്കുന്നതിന്റെ ഉദ്‌ഘാടനം ചെടി നട്ടുകൊണ്ട് കെ.ശ്രീലതയും സ്റ്റെല്ലയും ചേർന്ന് നിർവഹിച്ചു. ഇരിട്ടിയിലെ സൈനിക പരിശീലന സ്ഥാപങ്ങളായ ലക്ഷ്യ ഫോർസ് അക്കാദമായി പരിശീലകൻ ഷാനി ഫിലിപ്പ്, എയിം പി ആർ ടി സി പരിശീലകൻ ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഇവിടുത്തെ വിദ്യാർത്ഥികളാണ് ഡിവൈഡറുകളിലെ കാടുകൾ നീക്കി മുഴുവൻ ചെടികളും വെച്ച് പിടിപ്പിച്ചത്. വ്യാപാരി വ്യവസായി ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് റജി തോമസ്, സിക്രട്ടറി അബ്ദുൾറഹിമാൻ, ട്രഷറർ സജിൻ, കെ. അബ്ദുൽ നാസർ, ടൗൺ വാർഡ് കൗൺസിലർ വി.പി. അബ്ദുൾ റഷീദ്, ഗോപിനാഥ് എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
previous post