ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന പരിസ്ഥിതി ലോല മേഖല വിഷയത്തിന്റെ പൂർണ ഉത്തരവാദിത്വം ഇടതുസർക്കാരിനാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണ്‍ പരിധി നിശ്ചയിച്ച 2019 ഒക്ടോബർ 10ലെ മന്ത്രിസഭായോഗ തീരുമാനമാണു ചതിക്കുഴിയായി മാറിയത്.
സംരക്ഷിത പ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള പൂജ്യം മുതൽ ഒരു കിലോ മീറ്റർ വരെ ഇക്കോ സെൻസിറ്റീവ് സോണ്‍ ആയി തത്വത്തിൽ നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിർദേശങ്ങൾ തയാറാക്കുന്നതിന് അംഗീകാരം നല്‍കിയത് ഈ ഉത്തരവിലാണ്. ഇതാണ് പിന്നീടുണ്ടായ സുപ്രീംകോടതി ഉത്തരവിലേക്കു നയിച്ചതെന്നും ഉമ്മൻ ചാണ്ടി പത്രസമ്മേളനത്തിൽ ആരോപിച്ചു.
ബഫർ സോണ്‍ വിഷയത്തിൽ യാതൊരു പങ്കുമില്ലാത്ത കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ എസ്എഫ്ഐ നടത്തിയ സമരത്തിന്റെ പേരിൽ സിപിഎം അദ്ദേഹത്തോടു മാപ്പു പറയണം. സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്തുള്ള എല്ലാ മനുഷ്യവാസ കേന്ദ്രങ്ങളെയും ഇക്കോ സെൻസിറ്റീവ് സോണുകളുടെ പരിധിയിൽനിന്ന് ഒഴിവാക്കി കേന്ദ്രവനം മന്ത്രാലയത്തിന് നിർദേശം സമർപ്പിക്കാൻ 2013 മേയ് എട്ടിന് ചേർന്ന യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചിരുന്നു.
2015ൽ അതു സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ സംരക്ഷിത പ്രദേശങ്ങൾക്ക് കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. 2016ൽ ഡൽഹിയിൽ നടന്ന വിദഗ്ധസമിതി യോഗം കേരള സർക്കാരിന്റെ കരട് നിർദേശം പരിഗണിച്ചു.
എന്നാൽ, വിദഗ്ധ സമിതി ആവശ്യപ്പെട്ട വിശദാംശങ്ങൾ സമയബന്ധിതമായി സംസ്ഥാന സർക്കാർ 2018വരെ നൽകിയില്ല. തുടർന്ന് കരട് വിജ്ഞാപനങ്ങൾ കാലഹരണപ്പെട്ടു. അങ്ങനെ 10 കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോണ്‍ നിലനിർത്തണമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം കേരളത്തിനും ബാധകമായി.
വിദഗ്ധസമിതി ആവശ്യപ്പെട്ട വിശദാംശങ്ങൾ നല്കിയിരുന്നെങ്കിൽ കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയ ബഫർ സോണ്‍ വിഷയം ഉണ്ടാകുമായിരുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സണ്ണി ജോസഫ്, ടി സിദ്ദിഖ് എന്നിവരും പങ്കെടുത്തു.